പാലക്കാട്: താന്‍ ആരെയും കൊന്നിട്ടില്ലെന്നും സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഷിബിലിയാണ് എല്ലാം ചെയ്തതെന്നും സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.
”ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാന്‍ അയാളുടെ കൈയില്‍നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം” പൊലീസ് വാഹനത്തിലിരുന്ന് ഫര്‍ഹാന പറഞ്ഞു.
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായാണ് പൊലീസ് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ തെളിവെടുപ്പ് നടത്തിയത്. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെ ഒമ്പതാംവളവിലായിരുന്നു ആദ്യം തെളിവെടുപ്പ് നടന്നത്. 19ാം തീയതി രാത്രി ഒമ്പതോടെയാണ് മൃതദേഹം കയറ്റിയ ട്രോളി ബാഗുകൾ ചുരത്തിൽനിന്ന് താഴെക്കെറിഞ്ഞതെന്നും ഒമ്പതാം വളവിൽ കാർ നിർത്തിയ ശേഷം മറ്റാരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പെട്ടികൾ താഴേക്കെറിയുകയായിരുന്നെന്നും ഷിബിലിയും ഫർഹാനയും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതികള്‍ ഉപേക്ഷിച്ച സിദ്ദീഖിന്റെ മൊബൈല്‍ഫോൺ കണ്ടെടുത്തു. മൃതദേഹം വലിച്ചെറിഞ്ഞ് തിരികെ പോകുമ്പോഴാണ് ഫോൺ ഉപേക്ഷിച്ചത്.
അട്ടപ്പാടിയിലെ തെളിവെടുപ്പിന് ശേഷം ചെര്‍പ്പുളശ്ശേരി ചളവറയിലെ ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടന്നു. മൃതദേഹം ഉപേക്ഷിച്ചശേഷം ഫര്‍ഹാനയെ ഷിബിലി വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. സംഭവസമയം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫര്‍ഹാനയുടെ ബാഗിലായിരുന്നു. ഈ വസ്ത്രങ്ങള്‍ വീടിന് പിറകുവശത്തുവെച്ച് കത്തിച്ചുകളഞ്ഞെന്നായിരുന്നു ഫര്‍ഹാനയുടെ മൊഴി. ഇവിടെ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
മേയ് 18നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി.സി പടി സ്വദേശി മേച്ചേരി സിദ്ദീഖ് (58) കൊല്ലപ്പെട്ടത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് (23) എന്നിവരാണ് പൊലീസ് പിടിയിലായത്.