തിരുവനന്തപുരം : മഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പിസി ജോർജിന്റെ മകനുമായ ഷോൺ ജോര്‍ജ്ജ്. ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് ഉത്തരവിൽ പരാമര്‍ശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോര്‍ജ്ജ് പറഞ്ഞു. 2023 സെപ്തംബര്‍ 29 ന് താൻ എസ്എഫ്ഐഎക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നൽകി. ഈ മാസം അഞ്ചിനാണ് സിഎംആര്‍എല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നൽകിയത്. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നൽകി. അതിനുള്ള മറുപടിയും താൻ ഫയൽ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോൺ ചോര്‍ത്തുന്നുണ്ട്.
എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞു.