തിരുവനന്തപുരം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷണം കിട്ടിയ പരിപാടികളിലാണ് താന്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങള്‍ ഒഴിവാക്കുകയാണോ വേണ്ടതെന്നും തരൂർ ചോദിച്ചു.സമയമുള്ളപ്പോഴെല്ലാം കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. മലബാർ ഭാഗത്തേക്ക് വരുന്നില്ലെന്ന് പലരും പരാതി പറഞ്ഞു. അതിനെ തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഏതാനും ദിവസങ്ങൾ മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് വേദികളിലും കോൺഗ്രസിന് എതിരല്ലാത്ത വേദികളിലുമാണ് പങ്കെടുത്തത്. അതിൽ എന്താണ് വിവാദമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 14 വര്‍ഷമായി പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിലും താന്‍ ഉണ്ടായിട്ടില്ല. ഇതുവരെ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നില്ല. എല്ലാവരേയും കോണ്‍ഗ്രസുകാരായാണ് കാണുന്നത്. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024ൽ മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തരൂർ പറഞ്ഞു.