അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കോൺക്രീറ്റ് നിർമാണ വസ്തുക്കൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ആക്രിക്കട വ്യാപാരി ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിൽ . മറയൂരിൽ ആക്രിക്കട നടത്തുന്ന പെരുമ്പാവൂർ കണ്ടന്തറ വാളൂരാൻ വീട്ടിൽ അബ്ദുൾ ജലീൽ (33) , മറയൂർ പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന സൻജയ് (23) , മോഷണ വാഹന ഡ്രൈവർ തിരുവനന്തപുരം കടക്കാവൂർ എം.എസ് നിവാസിൽ ലിജു മണി (32) , മറയൂർ പത്തടിപ്പാലം ഇന്ദിര കോളനിയിൽ താമസിക്കുന്ന വിഷ്ണു വിജയൻ (26) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
നൈറ്റ് പെട്രോളിംഗിനിടെ ലോറിയിൽ വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന സ്പാൻ , ഇതര ഇരുമ്പ് സാധനങ്ങൾ എന്നിവ ലോറിയിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ 2 പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മിന്നൽ നീക്കത്തിലൂടെ 2 പേരെ കീഴടക്കിയ പൊലീസ് ഏറെ സാഹസപ്പെട്ടാണ് ഇവരെ പിടികൂടിയത്. പിന്നീട് മറയൂർ പൊലീസിൻ്റെ സഹായത്തോടെയാണ് 2 പേരെ കൂടി പിടി കൂടിയത്. മിനി ലോറി നിറയെ മോഷണ വസ്തുക്കളും പൊലീസ് പിടികൂടി.
ദേശീയപാതയിൽ കോൺക്രീറ്റ് നിർമ്മാണ ജോലികൾ നടന്നു വരികയാണ്. ധാരാളം നിർമ്മാണ വസ്തുക്കൾ ഇത് കാരണം റോഡിൽ ഉണ്ട്. ഇത് കണ്ട് മറയൂരിലെ ആക്രിക്കട വ്യാപാരി മോഷണം പ്ലാൻ ചെയ്യുകായിരുന്നു . മറയൂരിൽ നിന്നും സഹായത്തിന് ആളെ കൂട്ടി വന്ന് ലോറിയിൽ കയറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. നേരെത്തെ ഇത്തരത്തിൽ ഇവർ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു . അടിമാലി സ്റ്റേഷനിലെ എസ്. ഐ മാരായ സിദ്ധീഖ് , അഭിറാം അബ്ബാസ് സിവിൽ പൊലീസ് ഓഫീസർ ഷാബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.