കൊല്ലം> സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ്‌ഖാനെതിരെ ജില്ലയിൽ എസ്‌എഫ്‌ഐ പ്രതിഷേധം. പരിപാടികളിൽ പങ്കെടുക്കാൻ ഓച്ചിറയിലും കൊല്ലത്തും എത്തിയ ഗവർണറെ കരിങ്കൊടികാട്ടിയും മുദ്രാവാക്യം വിളിച്ചും എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധമറിയിച്ചു. ഗവർണർ സഞ്ചരിച്ച വഴിനീളെ സംഘി ചാൻസലർ രാജിവയ്‌ക്കുക എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി. ചവറ, കൊല്ലം, ചാത്തന്നൂർ എന്നിവിടങ്ങളിൽ പ്രതിഷേധിച്ച 15 എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കായംകുളത്ത്‌നിന്ന് ദേശീയപാത വഴിയാണ് ഗവർണർ സഞ്ചരിച്ചത്. വഴിനീളെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ മഹാത്മാ കുഞ്ഞൻ വെളുമ്പൻ പഠനഗവേഷണകേന്ദ്രം നിർമാണോദ്‌ഘാടനമായിരുന്നുആദ്യ പരിപാടി. തുടർന്ന് കൊല്ലം ലേക്ക്‌ഫോർഡ് സ്‌കൂളിലെ മഹാത്മാഗാന്ധി പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യാതിഥിയായി. ഓച്ചിറയിൽനിന്ന് കൊല്ലത്തേക്കുള്ള വഴി വിവിധയിടങ്ങളിൽ കരിങ്കൊടിയും ബാനറും ഉയർത്തി. ആശ്രാമം ഗവ. ഗസ്‌റ്റ്‌ഹൗസിലെ വിശ്രമത്തിനുശേഷം മടങ്ങുംവഴി കടപ്പാക്കടയിലും കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിലും വിദ്യാർഥിരോഷമുയർന്നു.
എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് എ വിഷ്‌ണു, സെക്രട്ടറി ഗോപികൃഷ്‌ണൻ, കാർത്തിക്, ഇബ്‌നു, അരവിന്ദ്, ആസിഫ്, ജെ വിഷ്‌ണു, ഷിനുമോൻ, അനന്തു, സുമി എന്നിവർ ഉൾപ്പെടെയുള്ളരാണ് വിവിധ കേന്ദ്രങ്ങളിൽ അറസ്റ്റിലായത്.