മലപ്പുറം: മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കെടി ജലീൽ എംഎൽഎ. രലോകത്തും ഇഹലോകത്തും തന്നെ തോല്‍പ്പിക്കാന്‍ കെ.എം ഷാജിക്കോ, ഷാജിയുടെ പാര്‍ട്ടിക്കോ കഴിയില്ലെന്ന് കെ.ടി ജലീല്‍ പരിഹസിച്ചു. അഴീക്കോട് കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാജി മലപ്പുറത്തെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കാൻ അവസരംകിട്ടാനാണ് തന്നെ വെല്ലുവിളിക്കുന്നത്. നാല് അവസരം തന്നിട്ട് നാലിലും തോറ്റു, ഇഹലോകത്ത് എന്നെ തോൽപ്പിക്കാൻ ഷാജിക്കോ ഷാജിയുടെ പാർട്ടിക്കോ ആയില്ല. പരഹലോകത്തും തന്നെ തോൽപ്പിക്കാനാകില്ലെന്ന് ജലീൽ തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാൻ സ്വയം പ്രഖ്യാപിച്ച ശേഷമാണ്, വയനാട്ടുകാരന്‍റെ പുതിയ വെല്ലുവിളിയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. എന്‍റെ ചെലവിൽ മലപ്പുറത്ത് മൽസരിക്കാൻ തൽക്കാലം മിനക്കെടേണ്ട. ആദ്യം കണ്ണുവെച്ചത് കാസർകോട്ടാണ്. അവിടത്തുകാർക്ക് ഷാജിയെ ശരിക്ക് അറിയാമെന്നുള്ളത് കൊണ്ട് അവർ ഒറ്റയടിക്ക് “നോ” പറഞ്ഞു. പിന്നെ നോക്കിയത് കൊടുവള്ളിയാണ്. അവിടം വിട്ട് മുനീർ സാഹിബ് എങ്ങോട്ട് പോകും? റിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദലി ക്ലേയെ “ഇടിമൽസരത്തിന്” വെല്ലുവിളിച്ച ധാരാസിംഗിനെ പോലെയായി ഷാജിയുടെ പോർവിളിയെന്ന് ജലീൽ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
ഷാജീ, പരലോകത്തും എന്നെ തോൽപ്പിക്കാനാവില്ല!
ഡോ: എം.കെ മുനീർ പ്രസിഡണ്ടും ഞാൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു KM ഷാജി. മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും എന്നെ മൽസരിക്കാൻ അദ്ദേഹം വെല്ലുവിളിച്ചതായി കേട്ടു. ലീഗിന്‍റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ 2006-ൽ ഇടതുപക്ഷ രഥത്തിലേറി തുടങ്ങിയ തേരോട്ടം 18 വർഷം പിന്നിട്ടു. 2026 ആകുമ്പോൾ 20 വർഷം പൂർത്തിയാകും. 39-ാമത്തെ വയസ്സിൽ സ്വന്തം നാടായ കുറ്റിപ്പുറത്ത് ചരിത്ര വിജയം. 49-ാം വയസ്സിൽ തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് മന്ത്രി. 52-ാം വയസ്സിൽ കേരളത്തിന്‍റെ പ്രഥമ ഉന്നതവിദ്യാഭ്യാസ മന്ത്രി. 2021-ൽ ഒരു ചാരിറ്റി മാഫിയാ തലവനെ ഇറക്കി നാലാമങ്കത്തിൽ മുട്ടുകുത്തിക്കാൻ BJP യുമായി ചേർന്ന് ലീഗ്-കോൺഗ്രസ്സാതികൾ നടത്തിയ 18 അടവിനെയും അതിജീവിച്ച്, അങ്കത്തട്ടിൽ മിന്നുന്ന നാലാം ജയം.
മലപ്പുറത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ നാല് തവണ തുടർച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരൻ. ആ എന്നെയാണ് താമരശ്ശേരി ചുരമിറങ്ങി വന്ന് ഷാജി കെ വയനാട് വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അഴീക്കോട്ട് ചെന്ന് മൽസരിക്കാൻ, എന്‍റെ പഴയ സുഹൃത്ത് വെല്ലുവിളിച്ചിരുന്നു. അതേ അഴീക്കോട്ട് ഷാജി തോറ്റ് തുന്നം പാടിയത് കന്നി മൽസരത്തിനിറങ്ങിയ സുമേഷിനോടാണ്. ലീഗിൽ നിന്ന് എന്നെ പുറത്താക്കാൻ ഷാജി കരുക്കൾ നീക്കിയത് എന്നെക്കാൾ മുമ്പ് MLA ആവുക എന്ന ദുർലാക്കോടെയാണ്. മിസ്റ്റർ ഷാജീ, ആ സ്വപ്നം പൂവണിഞ്ഞില്ല. ഞാൻ കുറ്റിപ്പുറത്ത് നിന്ന് ജയിച്ച് നിയമസഭയിൽ എത്തിയ തെരഞ്ഞെടുപ്പിൽ, 28000 വോട്ടിന് ഇരവിപുരത്ത് തോറ്റ് തുന്നം പാടി വീട്ടിലിരിക്കാനായിരുന്നു ടിയാൻ്റെ വിധി. 2011-ൽ ഷാജി MLA യായി സഭയിലെത്തിയ കാലത്ത് ലീഗിലെ എൻ ഷംസുദ്ദീൻ MLA-യെ സാക്ഷിയാക്കി നിയമസഭക്കകത്ത് വെച്ച് ഷാജിയോട് ഞാൻ പറഞ്ഞു: “എന്നെക്കാൾ മുമ്പ് MLA-യാകാനാണ് നീ എന്നെ ലീഗിൽ നിന്ന് പുറത്താക്കിച്ചത്.
എന്നിട്ടെന്തായി? നിന്നെക്കാൾ മുമ്പ് ഞാൻ സഭയിൽ എത്തി. നീ എഴുതി വെച്ചോ! നിന്നെക്കാൾ മുമ്പ് ഞാൻ മന്ത്രിയുമാകും”. അതും യാഥാർത്ഥ്യമായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാൻ സ്വയം പ്രഖ്യാപിച്ച ശേഷമാണ്, വയനാട്ടുകാരൻ്റെ പുതിയ വെല്ലുവിളി. എൻ്റെ ചെലവിൽ മലപ്പുറത്ത് മൽസരിക്കാൻ തൽക്കാലം മിനക്കെടേണ്ട. രണ്ടു തവണ തന്നെ വിജയിപ്പിച്ച അഴീക്കോട്ട്, അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ത്രാണിയില്ലാത്ത ഷാജി, ആദ്യം കണ്ണുവെച്ചത് കാസർകോട്ടാണ്. അവിടത്തുകാർക്ക് ഷാജിയെ ശരിക്ക് അറിയാമെന്നുള്ളത് കൊണ്ട് അവർ ഒറ്റയടിക്ക് “നോ” പറഞ്ഞു. പിന്നെ നോക്കിയത് കൊടുവള്ളിയാണ്. അവിടം വിട്ട് മുനീർ സാഹിബ് എങ്ങോട്ട് പോകും? അപ്പോഴാണ് ടിയാന്‍റെ മനസ്സിൽ മലപ്പുറത്തേക്ക് വരാനുള്ള മോഹം കലശലായത്.
റിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദലി ക്ലേയെ “ഇടിമൽസരത്തിന്” വെല്ലുവിളിച്ച ധാരാസിംഗിനെ പോലെയായി ഷാജിയുടെ പോർവിളി. നാല് അവസരം തന്നിട്ട് നാലിലും തോറ്റവരുടെ അട്ടഹാസം പരിഹാസ്യമാണ്. ഇഹലോകത്ത് എന്നെ തോൽപ്പിക്കാൻ ഷാജിക്കോ ഷാജിയുടെ പാർട്ടിക്കോ ആയില്ല. എന്നെ അടിയറവ് പറയിക്കൽ, അത്രക്ക് നിർബന്ധമാണെങ്കിൽ പരലോകത്ത് ഒരു കൈ നോക്കാം. അവിടെയും പക്ഷെ, എന്നെ ജയിക്കാൻ ഷാജിക്കോ ലീഗിനോ ആവില്ല.