ന്യൂഡല്‍ഹി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ തൂങ്ങി മരിക്കുമെന്ന് ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണീ പ്രസ്താവന. എല്ലാ ആരോപണങ്ങളും നിരസിക്കുന്നു. ഗുസ്തി താരങ്ങളുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കട്ടെ. ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു. യു.പിയിലെ ബരാബങ്കിയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ഇങ്ങനെ സംസാരിച്ചത്.
നാല് മാസമായി, എന്നെ തൂക്കിലേറ്റണമെന്ന് അവർ ആഗ്രഹിക്കുന്നു. സർക്കാർ എന്നെ തൂക്കിലേറ്റുന്നില്ല, അതിനാലാണ് അവർ ചൊവ്വാഴ്ച ഹരിദ്വാറിൽ ഒത്തുകൂടി അവരുടെ മെഡലുകൾ ഗംഗയിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എല്ലാം വൈകാരിക നാടകമാണെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു. അതിനിടെ, ബ്രിജ് ഭൂഷണ് സിംഗിനെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ലഭിക്കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ബ്രിജ് ഭൂഷണ് തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് പറയുന്നു. അനീതിയില്‍ പ്രതിഷേധിച്ചു ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കി ഇന്ത്യാഗേറ്റില്‍ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം ഗുസ്തി താരങ്ങള്‍ അംഗീകരിക്കുകയായിരുന്നു.