മൃഗങ്ങളുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിൽ. അതിൽ തന്നെ അമ്മയുടെയും കുഞ്ഞുങ്ങളുടേയും വീഡിയോ അനേകമാണ് ഷെയർ ചെയ്യപ്പെടാറ്. മനുഷ്യനായാലും മൃഗമായാലും തങ്ങളുടെ കുഞ്ഞുങ്ങൾ അക്രമിക്കപ്പെട്ടാൽ അവയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാറുണ്ട് അമ്മമാരും അച്ഛന്മാരും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയിൽ ഒരു അമ്മ ജിറാഫ് സിംഹത്തിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഓടിയെത്തുന്ന രംഗമാണ് കാണാനാവുക. വീഡിയോയുടെ തുടക്കത്തിൽ ഒരു സിംഹം ജിറാഫ് കുഞ്ഞിന്റെ അടുത്തേക്ക് ഓടി വരുന്നത് കാണാം. പിന്നാലെ, സിംഹം ജിറാഫിന്റെ കഴുത്തിൽ കടിക്കാനും അതിനെ നിലത്തേക്ക് വീഴ്ത്തി കൊല്ലാനും ഒക്കെ ശ്രമിക്കുന്നുണ്ട്.
വീഡിയോ കാണുന്ന ആരും അടുത്ത നിമിഷം ജിറാഫ് സിംഹത്തിന്റെ ഭക്ഷണമാവും എന്ന് തന്നെ കരുതിപ്പോകും. എന്നാൽ, ആ ധാരണകളെയെല്ലാം തെറ്റിച്ചു കൊണ്ട് അപ്പോഴേക്കും ജിറാഫിന്റെ അമ്മ ജിറാഫ് അങ്ങോട്ട് ഓടിയെത്തുകയാണ്. അതോടെ കുഞ്ഞ് ജിറാഫിനെയും അവിടെയിട്ടു കൊണ്ട് സിംഹം ഓടിപ്പോകുന്നത് കാണാം. ഈ ജിറാഫ് തന്റെ കുഞ്ഞിനെ സിംഹത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഓടിയെത്തുന്നത് എന്ന് ഇൻസ്റ്റഗ്രാം വീഡിയോയുടെ കാപ്ഷനിൽ നൽകിയിട്ടുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വീഡിയോ കാണുന്ന പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും, ഒരു ജിറാഫ് കുഞ്ഞ് അക്രമിക്കപ്പെടുന്നത് കാണാൻ വയ്യ, ഇത്തരം വീഡിയോ ഷെയർ ചെയ്യുന്നത് ദയവായി അവസാനിപ്പിക്കണം എന്ന് കമന്റ് ചെയ്തിട്ടുണ്ട്. അതേ സമയം മറ്റ് ചിലർ, ഇത് പ്രകൃതിയിലെ സ്വാഭാവികതയാണ് എന്നും അത്തരം കാഴ്ചകൾ എല്ലാം ചേർന്നതാണ് പ്രകൃതി എന്നും കുറിച്ചിട്ടുണ്ട്.