തിരുവനന്തപുരം : മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ബെനാമിയാണെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ പരിഹസിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. ‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’ എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് കെ ടി ജലീലിന്‍റെ ബെനാമിയെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.
പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, എം ശിവശങ്കർ അടക്കം ഉൾപ്പെട്ട് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതുൾപ്പെട്ട തന്‍റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് കെ ടി ജലീൽ ശ്രമിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞത്.