ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ അസഭ്യം പറഞ്ഞും പിടിച്ചുമാറ്റിയും ജനതാദൾ(യുനൈറ്റഡ്) എം.എൽ.എ ഗോപാൽ മണ്ഡൽ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ തോക്കുമായെത്തിയതിനെ ചോദ്യം ചെയ്തതിനായിരുന്നു എം.എൽ.എ മാധ്യമപ്രവർത്തകരോട് കയർത്തത്.
വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ താൻ ഇപ്പോഴും തോക്ക് കൊണ്ടാണ് നടക്കുന്നതെന്നും കാണണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ‘എന്നെ തടയാൻ നിങ്ങൾ എന്‍റെ അച്ഛനാണോ’ എന്നും മണ്ഡൽ മാധ്യമപ്രവർത്തകരോട് ചോദിക്കുന്നുണ്ട്. തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്നത് ചോദ്യം ചെയ്യുന്നതിനിടെ എം.എൽ.എ നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഒക്ടോബർ മൂന്നിന് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സന്ദർശനത്തിനിടെയാണ് മണ്ഡൽ തോക്കുമായെത്തിയത്. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വരാനിരിക്കുന്ന പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ തന്‍റെ എതിരാളികൾ തന്നെ കൊലപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും ലൈസൻസുള്ള സ്വന്തം റിവോൾവർ കയ്യിൽ കരുതുന്നത് ശീലമാണെന്നും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ലാലു പ്രസാദ് യാദവിനെതിരെ മണ്ഡൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് ശേഷം ലാലു പ്രസാദ് യാദവിന് മാനസികമായി എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു മണ്ഡലിന്‍റെ പരാമർശം.
ഗോപാൽപൂരിൽ നിന്നുള്ള എം.എൽ.എയാണ് ഗോപാൽ മണ്ഡൽ.