ഷിംല: നാടകീയ നീക്കങ്ങൾ നടക്കുന്നതിനിടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു രാജിവെച്ചതായി റിപ്പോർട്ട്. രാജി സന്നദ്ധത കോൺഗ്രസ് ഹൈകമാൻഡിനെ അറിയിച്ചതായാണ് വിവരം. എന്നാൽ, റിപ്പോർട്ടുകൾ എ.ഐ.സി.സി തള്ളി.
പ്രശ്ന പരിഹാരത്തിനായി നാലു നിരീക്ഷകരെ എ.ഐ.സി.സി സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആറു എം.എൽ.എമാർ ക്രോസ് വോട്ടു ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സഭയിൽ വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം ബുധനാഴ്ച രാവിലെ ഗവർണറെ കണ്ടിരുന്നു.എന്നാൽ, സഭയിലെ 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്താണ് കോൺഗ്രസ് സർക്കാർ തിരിച്ചടിച്ചത്. സുഖുവിനെതിരെ ഒരു വിഭാഗം എം.എൽ.എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയെ മാറ്റി പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനും മന്ത്രിയുമായി വിക്രമാദിത്യ സിങ് രാജി വെച്ചു. കഴിഞ്ഞ ദിവസം വിമതനീക്കത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ള ബി.ജെ.പി എം.എൽ.എമാരെയാണ് സസ്പെൻഡ് ചെയ്തത്. ആകെ 25 എം.എൽ.എമാരാണ് ബി.ജെ.പിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവു. മുഖ്യമന്ത്രി സുഖ്‍വീന്ദർ സുകുവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിക്രമാദിത്യ നടത്തിയത്. മുഖ്യമന്ത്രി എം.എല്‍.എമാരോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ടായിട്ടും ബി.ജെ.പി നടത്തിയ നിർണായക കരുനീക്കമാണ് പാർട്ടിക്ക് തിരിച്ചടിയായത്. മുതിർന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് പരാജയപ്പെട്ടത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചത്. ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു.
സുഖ്‍വീന്ദർ സുകുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.