ചെന്നൈ: സ്വാതന്ത്ര്യ സമര സേനാനികളായ മരുതു സഹോദരന്മാരെയും മുത്തുരാമലിംഗ തേവരെയും പോലെയുള്ള മഹത്തായ ദേശീയ സ്വാതന്ത്ര്യ സമര സേനാനികൾ സംസ്ഥാനത്തെ ജാതി നേതാക്കളുടെ നിലയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ബ്രിട്ടീഷ് ദ്രാവിഡ സംസ്കാരത്തെ വളർത്തിയെടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. തേവരെപോലെയുള്ള സ്വാതന്ത്ര്യ സമര നേതാക്കളുടെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങൾ സ്വകാര്.വത്ക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം മായ്‌ക്കാനും സമാന്തര ചരിത്രമെഴുതാനും സംസ്ഥാനത്ത് ഒരു സംഘടിത ശ്രമം നടന്നിട്ടുണ്ടെന്നും ദ്രാവിഡ-ആര്യൻ വംശീയ വിഭജനത്തെക്കുറിച്ചുള്ള തെറ്റായ വിവരണം സർക്കാർ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിഭജിക്കുക എന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമാണ്.ആര്യൻ, ദ്രാവിഡ വേർതിരിവ് എന്ന വിഷയത്തിൽ ഒരു എതിർ-സ്വാതന്ത്ര്യ പ്രസ്ഥാനം സ്വാതന്ത്ര്യസമരകാലത്ത് സൃഷ്ടിക്കപ്പെട്ടുവെന്നും അത് സംസ്ഥാനത്തെ നശിപ്പിക്കാൻ തുടങ്ങിയെന്നും ഗവർണർ പറഞ്ഞു. തമിഴ്‌നാട് വലിയ ആത്മീയ നേതാക്കളുടെയും ‘സിദ്ധർ’മാരുടെയും ‘ഋഷികളുടെയും’ നാടായിരുന്നു. രണ്ട് വർഷം മുമ്പ് തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ 40-ൽ താഴെ പേരുകൾ ഉള്ള ഒരു ലിസ്റ്റ് തനിക്ക് ലഭിച്ചിരുന്നുവെന്നും മരുതു സഹോദരന്മാരെക്കുറിച്ച് പരാമർശം ഇല്ലെന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും, സുബാഷ് ചന്ദ്ര ബോസും സർദാർ പടേലും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളിലേക്ക് ചുരുങ്ങിയിരുന്നേനെ. ഇതാണ് സംസ്ഥാനത്തെ നിലവിലെ അവസ്ഥയെന്നും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.