ബംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന സസ്‌പെൻഡ് ചെയ്യപ്പെട്ട ജെ.ഡി (എസ്) നേതാവ് പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യ ഹരജി തള്ളിയത്.
അതിനിടെ, ഭർത്താവുമായി ബന്ധമുള്ള തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിൽ എത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മേയ് 31ന് ഹാജരാകുമെന്ന് പ്രജ്വൽ അറിയിച്ചിരുന്നു. വ്യാഴാഴ്ച ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിന് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.