കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ കാമുകന് ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. നീതുവിനേയും ഏഴു വയസുകാരന് മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇബ്രാഹിം ലഹരിക്ക് അടിമയുമാണ്. നീതുവിനെയും കൊണ്ട് ഉടന്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. ഈ മാസം 21 വരെ റിമാന്‍ഡിലായ നീതു വനിതാ ജയിലിലാണുള്ളത്.
അതിനിടെ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തും. സുരക്ഷാ വീഴ്ചയെ കുറിച്ച് മെഡിക്കല്‍ കോളേജില്‍ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. ആര്‍എംഒ തല സമിതിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള സമിതിയുമാണ് ഇക്കാര്യം അന്വേഷിക്കുന്നത്.