കൊച്ചി∙ സ്വർണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ. സംഭവത്തിൽ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ഷാബിൻ ഡിവൈഎഫ്‍ഐ പ്രവർത്തകനാണെന്ന ഹൈബി ഈഡന്റെ പ്രതികരണം.
ഇബ്രാഹിംകുട്ടി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണ്ട സാഹചര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൈബി ഈഡൻ വ്യക്തമാക്കി. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമതാവ് കെ.പി സിറാജുദ്ദീനും ചേർന്ന് ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഇരുവരും ഒളിവിലാണ്. സിറാജുദ്ദീൻ ദുബായിലേക്ക് കടന്നതായാണ് വിവരം.
‘ഇത്തരം കുറ്റങ്ങൾ ചെയ്യുന്ന വ്യക്തികൾക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകണം. ഒരു ജനപ്രതിനിധിയുടെ മകന്റെ കമ്പനിക്കും ഇതിൽ പങ്കുണ്ടെങ്കിൽ വിശദമായ അന്വേഷണം നടക്കണം. അയാൾ പ്രതിയാണെങ്കിൽ തീർച്ചയായും നടപടിയുണ്ടാകണം. കുറ്റം ചെയ്തവരെ സംരക്ഷിക്കണമെന്ന നിലപാടും കോൺഗ്രസിനില്ല’ – ഹൈബി ഈഡൻ പറഞ്ഞു.
‘മേൽപ്പറഞ്ഞ വ്യക്തിക്ക് ഒരു പൂർവകാല ചരിത്രമുണ്ട്. അത് ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ടതാണ്. അതും അന്വേഷണ വിധേയമാക്കണം. അദ്ദേഹം കഴിഞ്ഞ ഭരണസമിതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത കരാർ ഇടപാടുകളും പരിശോധിക്കണം. അതിൽ സ്വർണക്കള്ളക്കടത്തിൽനിന്നുള്ള പണം ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കണം. മാത്രമല്ല, അതുമായി ബന്ധപ്പെട്ട തീവ്രവാദ കേസുകളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’ – ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ കാർഗോ വിമാനത്തിലായിരുന്നു സ്വർണം കടത്തിയത്. ഇറച്ചിവെട്ടു യന്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാൽ കിലോ വരുന്ന സ്വർണക്കട്ടികൾ. പാർസൽ ഏറ്റുവാങ്ങാൻ എത്തിയ വാഹന ഡ്രൈവർ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ നിന്നാണു മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്.