കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി. വാര്‍ത്തകള്‍ ചെയ്യാന്‍ പാടില്ലെന്നുള്ള എറണാകുളം മുന്‍സിഫ് കോടതിയുടെ താല്‍ക്കാലിക നിരോധന ഉത്തരവ് പരിഷ്ക്കരിച്ചുകൊണ്ട് പുതിയ ഇടക്കാല ഉത്തരവ് കോടതി പുറത്തിറക്കി. ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനത്തിനും സംഘടനയിലെ അംഗങ്ങള്‍ക്കുമെതിരെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് സമ്പാദിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാറിന്റെ ആവശ്യം.
എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഇപ്രകാരമാണ് – ആധികാരികതയില്ലാത്ത അപകീർത്തികരമായ പ്രസ്താവനയോ വാർത്തയോ ഒഴികെ, ഹര്‍ജിക്കാർക്കെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ പ്രതികളെ തടയുകയോ വിലക്കുകയോ ചെയ്യില്ലെന്ന് നിരോധന ഉത്തരവ് വ്യക്തമാക്കുന്നു. മുന്‍ ഉത്തരവ് അതിനനുസരിച്ച് പരിഷ്കരിക്കുകയും ചെയ്യുന്നു. ഹർജി മാര്‍ച്ച് 31 ന് വാദം കേൾക്കാൻ വരുകയും അതേ ദിവസം കോടതി ഈ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
കോടതിയുടെ നിരോധന ഉത്തരവ് ലഭിച്ചതോടെ സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെയും അംഗങ്ങളായ ഓണ്‍ ലൈന്‍ ചാനലുകള്‍ക്കെതിരെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കോടതിയിലും പോലീസിലും നല്‍കിയത് നിരവധി പരാതികളാണ്. തുടരെ നല്‍കുന്ന കേസ്സുകളിലൂടെ മാധ്യമങ്ങളെ നിശബ്ദരാക്കി തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്നായിരുന്നു ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡും മുന്നോട്ടു നീങ്ങി. പരിഷ്ക്കരിച്ച ഉത്തരവ് പ്രകാരം തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം. ഇതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നു വ്യക്തമാക്കുന്ന രേഖകള്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ പണം ആവശ്യപ്പെട്ടു എന്ന ആരോപണവും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ തന്നോട് ആരും പണം ആവശ്യപ്പെട്ടില്ലെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ ആര്‍ക്കും താന്‍ പണം നല്‍കിയിട്ടില്ലെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാര്‍ പറയുന്ന ഫോണ്‍ സംഭാഷണവും നിക്ഷേപകര്‍ കോടതിയിലും പോലീസ് സ്റ്റേഷനിലും നല്‍കിയ പരാതികളുടെ വിശദാംശങ്ങളും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ നിരോധന ഉത്തരവിന്റെ മറവില്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനെതിരെയും അംഗങ്ങള്‍ക്കെതിരെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തുടരെ പരാതികളും കേസുകളും നല്‍കുകയാണെന്നും ഇത് കോടതി ഉത്തരവിന്റെ ദുരുപയോഗമാണെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ വാദിച്ചു.
വ്യക്തമായ തെളിവുകളോടെ പൊതുജന താല്‍പ്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ നിക്ഷേപകര്‍ പോലീസിലും കോടതിയിലും നല്‍കിയ പരാതികളും കേസുകളുമായിരുന്നു വാര്‍ത്തക്ക് അടിസ്ഥാനം. നിക്ഷേപകര്‍ വീഡിയോ അഭിമുഖത്തിലൂടെ തങ്ങള്‍ ചതിക്കപ്പെട്ട വിവരം തുറന്നു പറയുന്നുണ്ടായിരുന്നു. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്തകളുമായി സംഘടന മുമ്പോട്ടു പോകുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.