ഇടുക്കി : നിയമപരമായി അനുവാദം വാങ്ങി പണിത വീടിന് കെട്ടിട നമ്പര്‍ ലഭിക്കുന്നില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും പീരുമേട് സ്വദേശി അരുണ്‍ ജോസഫ്. ഇത് സംബന്ധിച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് അരുണ്‍. പീരുമേട്ടിലെ റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ് വില്ല ഉടമകളുടെ ശക്തമായ സംഘടനയായ പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ അരുണിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
2023 ലാണ് ഇദ്ദേഹം പീരുമേട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 534 ല്‍ ഉള്‍പ്പെട്ട 12 സെന്റ് പട്ടയഭൂമി വാങ്ങിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം ലഭിച്ച് പലരിലൂടെ കൈമറിഞ്ഞുവന്ന വസ്തുവില്‍ നിന്നുമാണ് ഇദ്ദേഹം വീട് പണിയുന്നതിനുവേണ്ടി ഒരുതുണ്ട് ഭൂമി വിലകൊടുത്തു വാങ്ങിയത്. പീരുമേട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇത്. ആവശ്യപ്പെട്ട എല്ലാ രേഖകളും പീരുമേട് ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കി 2023 ല്‍ വീട് പണിയുന്നതിനുള്ള അനുവാദവും വാങ്ങിയിരുന്നു. ദീര്‍ഘനാളായി ടൂറിസം മേഖലയില്‍ തൊഴില്‍ ചെയ്യുന്ന അരുണ്‍, വീടിനോടൊപ്പം ഒരു ഹോം സ്റ്റേ നടത്തുന്നതിനും അതുവഴി ഒരു വരുമാനം കണ്ടെത്തുന്നതിനും പദ്ധതിയിട്ടിരുന്നു. കൂട്ടിക്കല്‍ സ്വദേശിയായ അരുണ്‍ ഇവിടേയ്ക്ക് താമസം മാറുവാനുണ്ടായ സാഹചര്യവും ഇതാണ്. ഉള്ളതൊക്കെ വിറ്റുപെറുക്കി ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പയുമെടുത്ത് 2025 ജനുവരിയില്‍ 1600 സ്കയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം പൂര്‍ത്തിയാക്കി. അന്നുമുതല്‍ ഇന്നുവരെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിനുവേണ്ടി അരുണ്‍ ഓട്ടമാണ്. നമ്പര്‍ ലഭിച്ചാല്‍ മാത്രമേ ഹോം സ്റ്റേ ലൈസന്‍സിന് ടൂറിസം വകുപ്പില്‍ അപേക്ഷിക്കുവാന്‍ കഴിയൂ.
കെട്ടിട നമ്പറിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ റവന്യൂ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റ് വേണം. ഒരിക്കല്‍ ഇതെല്ലാം നല്‍കിയിട്ടാണ് ബില്‍ഡിംഗ് പണിയുവാന്‍ അരുണിന് അനുവാദം ലഭിച്ചത്. വീണ്ടും അതേ വസ്തുവിന്റെ കൈവശ രേഖക്ക് ചെന്നപ്പോള്‍ സ്ഥലം വീണ്ടും സര്‍വ്വേ ചെയ്യണമെന്നായി പീരുമേട് താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍വേയര്‍ വന്ന് തിരിച്ചും മറിച്ചും അളന്നു പരിശോധിച്ചു. ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ മാറിക്കിടക്കുകയാണെന്ന് കണ്ടെത്തി.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം നല്‍കിയപ്പോഴും വര്‍ഷങ്ങളായി പലരിലൂടെ ഈ ഭൂമി കൈമാറി ചെറുതും വലുതുമായ പല ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും ഈ വസ്തു പീരുമേട് വില്ലേജിലെ 534 എന്ന സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ടതായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ നല്‍കിയപ്പോള്‍ സമര്‍പ്പിച്ച റവന്യൂ രേഖകളിലും ബാങ്ക് വയ്പകളിലും ഈ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ 534 തന്നെയാണ്. എന്നാല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു ഇത് 321 എന്ന സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്ന്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. അരുണിന്റെ ഹോം സ്റ്റേ സ്വപ്‌നങ്ങള്‍ക്ക് മീതെ ഫെഡറല്‍ ബാങ്കിലെ പലിശ കുതിച്ചുകയറുകയാണ്. കാര്യങ്ങള്‍ പലപ്രാവശ്യം നേരില്‍ ബോധ്യപ്പെടുത്തിയിട്ടും തഹസീല്‍ദാരോ മറ്റ് റവന്യൂ ജീവനക്കാരോ കനിയുന്നില്ല.
സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് റവന്യൂ ജീവനക്കാരുടെ കുറ്റം കൊണ്ടാണെന്നും തഹസീല്‍ദാരും ജില്ലാ കളക്ടറും ഇത് തിരുത്തിനല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2017 ഒക്ടോബര്‍ 30ന് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ 35735/എ 2/2015/റവന്യൂ പ്രകാരം ഇറക്കിയ ഉത്തരവ് നിലനില്‍ക്കെയാണ് പീരുമേട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ണുപൊത്തിക്കളി നടക്കുന്നത്. സര്‍വ്വേ നമ്പര്‍ അടയാളപ്പെടുത്തുന്നത് വസ്തു തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നും പട്ടയത്തിലെ സര്‍വ്വേ നമ്പരില്‍ തെറ്റ് കണ്ടെത്തിയാല്‍ വസ്തു നിയമപരമായി സ്ഥാപിതമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അളന്നു തിരിച്ചറിയാവുന്നതും പട്ടയ വസ്തു പട്ടയ വിവരണങ്ങള്‍ അനുസരിച്ച് കണ്ടെത്താവുന്നതുമാണെന്നിരിക്കെ പട്ടയത്തിലെ സര്‍വ്വേ നമ്പര്‍ തിരുത്തി നല്‍കുന്നതിന് നിയമം ഇല്ല എന്ന ന്യായമാണ് ജില്ലാ കളക്ടര്‍ വരെയുള്ള അധികാരികള്‍ ഉന്നയിച്ചുകാണുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
കേരള ഭൂമി പതിവ് ചട്ടം 1964 ലെ- ചട്ടം 11ഉം 12ഉം പ്രകാരം, ജില്ലാ കളക്ടര്‍ വരെയുള്ള റവന്യൂ അധികാരികള്‍ ശരിയായ അന്വേഷണം നടത്തി യാതൊരു തെറ്റും കൂടാതെ വസ്തു പതിച്ചു നല്‍കേണ്ടതായ നടപടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ നിയമം ഇപ്രകാരം ആണെങ്കിലും മേല്‍പ്പറഞ്ഞ അധികാരികള്‍ പലപ്പോഴും അലക്ഷ്യമായി നടപടികള്‍ സ്വീകരിക്കുന്നതിനാലാണ്, പട്ടയത്തില്‍ വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്താന്‍ ഇടയാകുന്നത്. പട്ടയത്തില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി എഴുതുന്നത് തഹസീല്‍ദാരും, ആയത് അംഗീകരിക്കുന്നത് ജില്ലാ കളക്ടറുമാണ്. അവര്‍ ചെയ്യുന്ന തെറ്റിന്റെ ഫലം പട്ടാദാര്‍/പട്ടയം കൈമാറ്റം ചെയ്തു ലഭിച്ചവര്‍ അനുഭവിക്കണം എന്ന ന്യായം ഉചിതമല്ല. തെറ്റ് ചെയ്തത് ഉദ്യോഗസ്ഥര്‍ ആണെങ്കില്‍ അത് തിരുത്തി നല്‍കേണ്ട ബാധ്യത പ്രസ്തുത ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അര്‍ഹമായ അപേക്ഷയിന്മേല്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനാധികാരിക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു. ഈ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തിവെച്ചുകൊണ്ടാണ് പീരുമേട് താലൂക്ക് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ ചവിട്ടിമെതിച്ച് അരുണ്‍ ജോസഫ് എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. അഴിമതി മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഈ നടപടി അംഗീകരിക്കുവാന്‍ കഴിയില്ല. തഹസീല്‍ദാര്‍ക്ക് വളരെ നിസ്സാരമായി പരിഹരിക്കുവാന്‍ കഴിയുന്ന വിഷയമാണ് യാതൊരു കാരണവും കൂടാതെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടിരിക്കുന്നത്. സമാനമായ നിരവധി പ്രശ്നങ്ങള്‍ ഇപ്പോള്‍ പീരുമേട്ടില്‍ നിലവിലുണ്ട്. റവന്യൂ ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലമുണ്ടായ തെറ്റ് തിരുത്തി പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുമ്പോട്ടുപോകുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.







