കട്ടപ്പന ∙ പേഴുംകണ്ടത്തെ അധ്യാപിക അനുമോളുടെ കൊലപാതകത്തിനു പിന്നിൽ പല കാരണങ്ങളെന്നു പൊലീസ്. സ്‌കൂൾ വിദ്യാർഥികളിൽനിന്നു പിരിച്ചെടുത്ത് അനുമോൾ കയ്യിൽ സൂക്ഷിച്ചിരുന്ന പണം ഭർത്താവ് വാങ്ങി ചെലവാക്കിയതു മുതൽ മദ്യപിച്ച് വീട്ടുകാര്യങ്ങൾ നോക്കാതെ നടക്കുന്നതു വരെയുള്ള കാര്യങ്ങൾ കൊലയ്ക്കു കാരണമായി. മാർച്ച് 11ന് കട്ടപ്പന വനിതാ സെല്ലിൽ ഭർത്താവ് ബിജേഷിന് എതിരെ അനുമോൾ പരാതി നൽകിയിരുന്നു.
ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണു പരാതിയിൽ ഉണ്ടായിരുന്നത്. തുടർന്ന് ഇരുവരെയും 12ന് വിളിച്ചുവരുത്തി ചർച്ച നടത്തി. രമ്യതയിൽ എത്താൻ തയാറാകാതെ, അനുമോളെ വേണ്ടെന്ന നിലപാട് ബിജേഷ് കൈക്കൊണ്ടെന്നു പൊലീസ് പറയുന്നു. കോടതിയെ സമീപിക്കാൻ വനിതാ സെല്ലിൽനിന്ന് നിർദേശം നൽകി എഴുതിവയ്പിച്ചശേഷം ഇരുവരെയും പറഞ്ഞയച്ചു.
അന്ന് വൈകിട്ട് അനുമോൾ വീട്ടിലെത്തിയപ്പോൾ ബിജേഷ് വീട് ഉള്ളിൽനിന്ന് പൂട്ടിയിരുന്നു. അയൽക്കാരെക്കൂട്ടി എത്തിയതോടെയാണു വീട് തുറന്നത്. അന്നുതന്നെ ഇയാൾ വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. രണ്ടുദിവസം മകൾക്കൊപ്പം പേഴുംകണ്ടത്തെ വീട്ടിൽ തങ്ങിയശേഷം അനുമോൾ പിന്നീടു മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിലേക്കു പോയി.
17ന് പകൽ മദ്യപിച്ച് പേഴുംകണ്ടത്ത് എത്തിയ ബിജേഷ് വീട് വൃത്തിയാക്കി. 18ന് സ്‌കൂളിൽ വാർഷികാഘോഷം നടക്കുന്നതിനാൽ 17ന് അൽപം വൈകി അവിടെനിന്ന് ഇറങ്ങിയ അനുമോൾ ഏഴോടെയാണു പേഴുംകണ്ടത്തെ വീട്ടിൽ എത്തിയത്. അപ്പോഴവിടെ ബിജേഷ് ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്‌കൂളിൽനിന്നു പിരിച്ചെടുത്ത് അനുമോൾ കൈവശം സൂക്ഷിച്ചിരുന്ന 10,000 രൂപയോളം ബിജേഷ് വാങ്ങിക്കൊണ്ടുപോയശേഷം തിരികെ നൽകാത്തതും, തന്നെ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയശേഷം മടങ്ങിവന്നതുമെല്ലാം അനുമോൾ പറഞ്ഞെന്നാണു പ്രതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റത്തിന് ഒടുവിലായിരുന്നു കൊലപാതകം.
വാക്കേറ്റം നടക്കുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാളിൽ കസേരയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അനുമോൾ. ഇതിനിടെ ബിജേഷ് പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽചുറ്റി ശ്വാസം മുട്ടിച്ചു. അപ്പോൾ മൂത്രവിസർജനം നടത്തി. തുടർന്നു പിന്നോട്ടു വലിച്ചതോടെ കസേര ഉൾപ്പെടെ പുറകോട്ടു മറിഞ്ഞ അനുമോൾ തലയിടിച്ചു തറയിലേക്കു വീണു. അവിടെനിന്ന് കഴുത്തിൽ ചുറ്റിയിരുന്ന ഷാളിൽ പിടിച്ച് വലിച്ചുകൊണ്ട് കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.
വീണ്ടും നിലത്തിട്ട് ഷാൾ ഒന്നുകൂടി കഴുത്തിൽ മുറുക്കിയപ്പോൾ അനുമോൾ അനങ്ങി. അപ്പോൾ വെള്ളമെടുത്തുകൊണ്ടുവന്നു നൽകി. അൽപം വെള്ളം കുടിച്ചെങ്കിലും പിന്നീട് വായിൽനിന്ന് നുരയും പതയും വന്നെന്നാണു പ്രതിയുടെ മൊഴി. തുടർന്ന് കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തുകൊണ്ടുവന്ന് അനുമോളുടെ ഇടതുകൈത്തണ്ട മുറിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അൽപം രക്തം വന്നെങ്കിലും പിന്നീട് രക്തം കട്ടപിടിച്ചെന്നാണ് ഇയാളുടെ മൊഴി.
അതിനുശേഷം കട്ടിലിൽ കിടന്നുകൊണ്ട് ആത്മഹത്യ ചെയ്യാൻ ബിജേഷും ശ്രമം നടത്തി. ചുരിദാറിന്റെ ഷാൾ ജനൽകമ്പിയിൽ ബന്ധിച്ചശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യാനാണു ശ്രമിച്ചത്. എന്നാൽ ശ്വാസം മുട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു. സ്വന്തം ഇടതു കൈത്തണ്ട മുറിച്ചും ആത്മഹത്യ ചെയ്യാൻ ഇയാൾ വിഫല ശ്രമം നടത്തി. അനുമോളുടെ കയ്യിൽ അണിഞ്ഞിരുന്ന 2 മോതിരവും ഒരു കൈചെയിനും ഊരിയെടുത്തു. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തെന്നു പൊലീസ് വെളിപ്പെടുത്തി.