ഇടുക്കി> നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇടുക്കി ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനാണ് നിര്‍ദ്ദേശം ലഭിച്ചത്. ജില്ലാ ഭരണകൂടം ഉടുമ്പന്‍ഞ്ചോല താലൂക്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 25 ഓളം കുടുംബങ്ങളാണ് മേഖലയില്‍ ചെങ്കുത്തായ മലഞ്ചെരുവില്‍ താമസിക്കുന്നത്. പ്രളയ കാലത്ത് റെഡ് സോണ്‍ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി, പത്ത്‌വളവ് മേഖല.ഇന്ന് പുലര്‍ച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുള്‍പൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂര്‍ണ്ണമായും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പച്ചടി ചൊവ്വേലില്‍കുടിയില്‍ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.