ഇടുക്കി: പിണറായി സർക്കാർ പാസാക്കിയ ഭൂ പതിവ് ഭേദഗതി ബിൽ ശുദ്ധ തട്ടിപ്പാണെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഇടുക്കിയിലെ കർഷകരെ കൊള്ളയടിക്കുകയാണ് സർക്കാർ ലക്ഷ്യം. രാജഭവനിലേക്ക് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാർച്ച് ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഭൂ പതിവ് ഭേദഗതി ബിൽ നിയമസഭാ പാസാക്കിയത്. ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജ്ഭവനിലേക്കുള്ള എൽഡിഎഫ് മാർച്ച്. എന്നാൽ പിണറായി സർക്കാർ മലയോര ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇടുക്കി എം.പി ഡീൻ ഡീൻ കുര്യാക്കോസ് തുറന്നടിച്ചു. ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കരുതെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. രാജഭവൻ മാർച്ചിന്റെ ലക്ഷ്യം ഗവർണറെ പിന്തിരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് നിൽക്കുന്ന റിസോർട്ടുകളും പാർട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നടപടിയും ഭേദഗതി വഴിയൊരുക്കുമെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ മറുപടി. ഈ മാസം ഒമ്പതിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ പതിനായിരം പേർ പങ്കെടുക്കും.