ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തുക്കളും ജാർഖണ്ഡ് സ്വദേശികളുമായ ദബോയി ഛന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സുഹൃത്തായ സരൺ സോയിയെ കൊലപ്പെടുത്തിയ ശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച് പ്രതികളെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജാർഖണ്ഡിലെത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസ് ജാർഖണ്ട് പോലീസിന് വിവരം കൈമാറിയിരുന്നു.
ഇതറിഞ്ഞ ഇരുവരും തിരികെ കോയമ്പത്തൂരിലെത്തി ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. സംഭവ ദിവസം ഇവർ നാലുപേർ ഒരു സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. തിരികെ എത്തുമ്പോൾ സരണിന്റെ ബൈക്ക് ഓടിച്ചിരുന്നത് ഷാദേവാണ്. യാത്രക്കിടയിൽ ബൈക്ക് മറിഞ്ഞത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. സരണിനെ കൊലപ്പെടുത്തുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന സനിക് ഓടിപ്പോയി. ഇയാളെ സാക്ഷിയാക്കിയിട്ടുണ്ട്. സരൺ സോയിയുടെ കണ്ണുകൾ ചൂഴ്നന്നെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വന്യമൃഗങ്ങൾ ചെയ്തതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പോലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് വീണ രക്തം പ്രതികൾ മണ്ണിട്ടു മൂടിയിരുന്നു.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി സമീപത്ത് തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിൻറെ തീരുമാനം. മൂന്നാർ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.