നെടുങ്കണ്ടം ∙ പീഡനക്കേസിൽ അതിജീവിതയായ പെൺകുട്ടിയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പൊലീസ്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച അച്ഛന്റെ ചിത്രമാണ് ചോർത്തിയത്. പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനിടെ ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇതിനും മുൻപാണ് പ്രതിയുടെ ഫോട്ടോ പൊലീസുകാർ ചോർത്തിയതെന്ന് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ടു നൽകി.സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന സമയം എസ്കോർട്ട് പോയ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഷാനു എം.വാഹിദ്, കെ.ബി.ഷമീർ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഗുരുതരമായ കൃത്യവിലോപമാണ് പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ട്.