തിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണ്ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല. ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയും – കോടിയേരി പറഞ്ഞു. അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, അത്തരത്തിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ടോ എന്നത് ഗവർണർ തന്നെ വ്യക്തമാക്കട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇതിന് മുമ്പ് ഒരു രാഷ്ട്രപതിക്കും സർവകലാശാല ഡി ലിറ്റ് നൽകിയിട്ടില്ല.
ഡി ലിറ്റ് ആർക്ക് നൽകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം സർവകലാശാലകളാണ്. അതിൽ സർക്കാർ ഇടപെട്ടിട്ടില്ല. സർക്കാർ ഇടപെടാത്ത കാര്യത്തിൽ എന്തിനാണ് സർക്കാർ മറുപടി പറയേണ്ടത്. ഈ വിഷയത്തിൽ ഗവർണറാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടത്. കെ റെയിൽ വിഷയത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി മന്ത്രിമാരടക്കമുള്ളവർ ജില്ലാ തലത്തിൽ യോഗങ്ങൾ നടത്തുകയും ജനങ്ങളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള തീരുമാനം കൈകൊള്ളിട്ടുണ്ടെന്നും കെ റെയിലിന്റെ ആശങ്കകൾ അവസാനിപ്പിക്കാനുള്ള നടപടി സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.