ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന സെര്‍ച് എന്‍ജിനാണ് ‘ഗൂഗിള്‍’. അക്കാരണം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തിരയുന്നതിന് ‘ഗൂഗിള്‍ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തില്‍ ഇത്രമേല്‍ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവര്‍ തുടര്‍ച്ചയായി സെര്‍ച് എന്‍ജിനില്‍ കൊണ്ടുവരുന്ന സവിശേഷതകളാണ്. എങ്കിലും ചാറ്റ്ജിപിടിയുടെയും അതുപോലുള്ള മറ്റ് എ.ഐ ടൂളുകളുടെയും വരവ് ഗൂഗിളിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയെ നിര്‍മിത ബുദ്ധികൊണ്ട് തന്നെ നേരിടാനായി ഗൂഗിള്‍ അവരുടെ എ.ഐ ചാറ്റ്ബോട്ടായ ‘ബാര്‍ഡ്’ അവതരിപ്പിക്കുകയും ഗൂഗിള്‍ സെര്‍ച്ചിന്റെ വെബ് പതിപ്പില്‍ ബാര്‍ഡി’നെ സംയോജിപ്പിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിലായി ഗൂഗിള്‍ സെര്‍ച് എന്‍ജിനില്‍ കൊണ്ടുവന്നിരിക്കുന്ന ഫീച്ചര്‍ ഏറെ ഉപകാരപ്രദമായിട്ടുള്ളതാണ്. മികച്ച വ്യാകരണ കൃത്യത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനം (grammar-checking tool) ഗൂഗിള്‍ അവരുടെ സെര്‍ച് എന്‍ജിനില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ സെര്‍ച്ച് ഹെല്‍പ്പ് സപ്പോര്‍ട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായം സ്വീകരിക്കാം. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകള്‍ക്കുള്ള പിന്തുണയും എത്തിയേക്കും.