കോഴിക്കോട്: സി പി എം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന വ്യക്തിപരമായി നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ലീഗ് പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനിക്കും. പലസ്തീൻ വിഷയത്തിൽ എല്ലാരും യോജിച്ച് നിൽക്കണമെന്നാണ് നിലപാട്. പാർട്ടി തീരുമാനം പോകണമെന്നാണെങ്കിൽ പോകും. മറ്റ് വിവാദങ്ങളിലേക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. റാലിയിൽ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമസ്തയും വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരം വിഷയങ്ങളിൽ സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല പശ്ചിമേഷ്യൻ യുദ്ധം. ലോകം മുഴുവൻ പലസ്തീൻ പ്രശ്‌നത്തിനൊപ്പം നിൽക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.
കോൺഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികൾ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോൺഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തിൽ താത്പര്യമുള്ളവർ ഒപ്പം നിൽക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിർത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.