തിരുവനന്തപുരം പള്ളിക്കലിൽ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട് വാഴോട്ടുകോണം സ്വദേശി രമ്യ, മടത്തറ സ്വദേശികളായ അന്‍സീര്‍, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് ആരോപണം.
പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മടവൂര്‍ പോളച്ചിറ വീട്ടില്‍ ശാന്ത, സഹോദരിമാരായ ലീല, നാണി ഊന്നിൻമൂട് സ്വദേശികളായ ബാബു, ഓമന ബാബു എന്നിവരില്‍ നിന്നായി 1,83,000 രൂപയും നാലര ലക്ഷംരൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തെന്നാണ് ആരോപണം. 2024 മേയ് മാസത്തിലായിരുന്നു തട്ടിപ്പിന് തുടക്കം. ശാന്തയുടെ സഹോദരന്‍ സഹദേവന്റെ വീട്ടിലെത്തിയ ഒന്നാം പ്രതി രമ്യ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചു. ശാന്തയുടെയും കുടുംബാംഗങ്ങളുടെയും ദോഷം മാറാന്‍ പൂജ നടത്തണമെന്ന് വിശ്വസിപ്പിച്ചു.
യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം വരുത്തുകയും ചെയ്തു. ഇത് രക്തമാണെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു. പിന്നീട് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഘം മുങ്ങിയതോടെയാണ് ശാന്ത പരാതിയുമായി പോലീസിനെ സമീപിച്ചത്. സമാന രീതിയിലായിരുന്നു മറ്റുള്ളവരെയും തട്ടിച്ചത്. ആഡംബര കാറിലായിരുന്നു പ്രതികളുടെ യാത്ര.