സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യം രണ്ട് രീതിയില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ജൈവികമായ ഈ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ചാണ് നാം ആരോഗ്യപരിപാലനവും മറ്റും നടത്തുന്നതും. ഉറക്കത്തിന്‍റെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് എന്ന് തന്നെയാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാരാണെങ്കില്‍ രാത്രിയില്‍ 6-7-8 മണിക്കൂറുകളുടെ ഉറക്കം കിട്ടിയാലും അവരുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമത്രേ. എന്നാല്‍ സ്ത്രീകളാകുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിന് തക്കതായൊരു കാരണവുമുണ്ട്. സ്ത്രീകള്‍ രാത്രിയില്‍ ആവശ്യമുള്ളത്രയും ഉറക്കം നേടിയില്ലെങ്കില്‍ അത് അവരില്‍ പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമത്രേ. ഇതോടെ വിവിധ ആരോഗ്യപ്രശ്നങ്ങളും ഇവരെ പിടികൂടാം.
ആഴത്തിലുള്ള ഉറക്കത്തില്‍ സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളാണ് ഉണര്‍ച്ചയില്‍ ഇവരെ സജീവമാക്കുന്നതും ഉന്മേഷവതികളാക്കുന്നതുമത്രേ. എന്നാല്‍ രാത്രിയിലെ ഉറക്കം പതിവായി പ്രശ്നത്തിലാവുകയാണെങ്കില്‍ അത് ആര്‍ത്തവ ക്രമക്കേട് മുതല്‍ വന്ധ്യതയിലേക്ക് വരെ നയിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ശാരീരികാരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, വിഷാദം- ഓര്‍മ്മക്കുറവ്, മുൻകോപം പോലുള്ള പ്രശ്നങ്ങളിലേക്കും ഉറക്കമില്ലായ്മ നയിക്കും. ഇതിന് പുറമെയാണ് പ്രമേഹം, ബിപി, ഹൃദ്രോഗങ്ങള്‍ പോലെ പൊതുവില്‍ ഉറക്കമില്ലായ്മ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ടാക്കുന്ന പ്രശ്നങ്ങള്‍.
ഉറക്കമില്ലായ്മ, ആഴത്തില്‍ ഉറങ്ങാൻ സാധിക്കാതിരിക്കുക, ഉറക്കം മുറിഞ്ഞുപോവുക, ഉറക്കത്തില്‍ ഞെട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നത് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ രാത്രിയിലെ തുടര്‍ച്ചയായ, അലോസരങ്ങളില്ലാത്ത ഉറക്കം ഉറപ്പിച്ചേ മതിയാകൂ. പതിവായി സമയത്തിന് കിടക്കുക, കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ സ്ക്രീൻ നോക്കുന്നത് നിര്‍ത്തുക, ശബ്ദമോ അധികം വെളിച്ചമോ ഇല്ലാതെ ശാന്തമായ സാഹചര്യത്തില്‍ കിടക്കുക, രാത്രിയില്‍ കാപ്പി- മദ്യം- പുകവലി എന്നിവ ഒഴിവാക്കുക- ഇവയെല്ലാം തന്നെ ഉറക്കം ഉറപ്പിക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണ്.