ആളുകൾക്ക് പലതരത്തിലുള്ള വിചിത്രസ്വഭാവങ്ങളും ഉണ്ട്. ഇവിടെ ഒരാൾ തമാശയ്ക്ക് വേണ്ടി ചെയ്തത് എന്താണ് എന്നോ? ഒരു എയർപോർട്ട് സൈൻബോർഡ് ഉണ്ടാക്കി വഴിയിൽ സ്ഥാപിച്ചു. സത്യത്തിൽ ആ ബോർഡിൽ പറയുന്നൊരു എയർപോർട്ട് ലോകത്തിൽ എവിടെയും ഇല്ല. ഏതായാലും ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം അയാൾ തന്റെ തമാശ നിർത്താൻ പോവുകയാണ് എന്നാണ് പറയുന്നത്. അതായത് ആ ബോർഡ് മാറ്റാൻ പോകുന്നു എന്ന്.
ലാൻഡെഗ്ലി ഇന്റർനാഷണൽ എന്നെഴുതിയ ഈ ബോർഡ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പോവിസ് ഗ്രാമത്തിന് സമീപമുള്ള ഒരു വഴിയിൽ നിൽക്കുന്നുണ്ട്. £25,000 ചെലവാക്കിയാണ് ഉടമ ഈ ബോർഡ് സ്ഥാപിച്ചത്. പോരാതെ ഇക്കണ്ട കാലമത്രയും പണം ചെലവാക്കി തന്നെയാണ് അത് നശിച്ചു പോവാതെ കാത്തതും. ഏതായാലും അയാൾ ആ ബോർഡ് മാറ്റാൻ പോവുകയാണ് എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വഴിയരികിൽ കാണുന്ന ബോർഡിനനുസരിച്ച് പോയാൽ എയർപോർട്ടിന് പകരം വിശാലമായ പാടമാണ് കാണാൻ സാധിക്കുക. മാധ്യമപ്രവർത്തകനായ നിക്കോളാസ് വൈറ്റ്ഹെഡ് ആണ് ഈ സാങ്കൽപിക എയർപോർട്ട് ബോർഡിന് പിന്നിൽ.
ഒരു വൈകുന്നേരം സുഹൃത്തുക്കളുമായി നടന്ന ഭ്രാന്തൻ സംഭാഷണത്തിന് പിന്നാലെയാണ് അങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്ന് നിക്കോളാസ് പറയുന്നു. ഏതായാലും, തമാശയ്ക്ക് നടന്ന ആലോചനയ്ക്ക് ശേഷം സത്യത്തിൽ ഇങ്ങനെയൊരു ബോർഡ് നിക്കോളാസ് സ്ഥാപിച്ചു. നിരവധിപ്പേർ ആ ബോർഡ് കണ്ട് എയർപോർട്ട് ആണ് എന്ന് കരുതി അങ്ങോട്ട് പോയിട്ടും ഉണ്ട്. എന്നാൽ, ഇന്നേവരെ ഒരു ചെറിയ പരാതി പോലും ആരുടെ ഭാഗത്ത് നിന്നും കിട്ടിയിട്ടില്ല എന്നും നിക്കോളാസ് പറയുന്നു.
ഇത് പരിപാലിക്കാനുള്ള വൻ പണച്ചിലവിനെ തുടർന്നാണ് ഇപ്പോൾ അത് നിക്കോളാസ് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വെൽഷ് സർക്കാരിന്റെ ഹെറിറ്റേജ് ബോഡി ഇത് ഏറ്റെടുക്കും എന്നാണ് നിക്കോളാസ് പ്രതീക്ഷിക്കുന്നത്. അതുവഴി അത് സംരക്ഷിക്കപ്പെടും എന്നും. ഏതായാലും, പരിസരത്തുള്ള ആളുകൾക്ക് ആ ബോർഡ് അവിടെ നിന്നും പോകുന്നതിൽ വലിയ വിഷമം ഉണ്ട്.