മുംബൈ : തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല. നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം. 2006ൽ ഔറംഗാബാദിൽ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്നു ആയുധങ്ങൾ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി.
ഇത് മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിൽ 2016 ൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാൽ അബ്ദുൾ റസാഖാണ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്.
ബിലാലിനെതിരെ മറ്റ് പ്രതികൾ നൽകിയ മൊഴികൾ മാത്രം കണക്കിലെടുക്കാനാകില്ല.
സിഡിആർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെ ബിലാൽ മറ്റ് പ്രതികളുമായി സമ്പർക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കണമെന്ന ബിലാലിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.