തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ ഉൾപ്പടെ 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രദർശിപ്പിക്കും. അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിൽ നോർത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.ഡ്രൈവ് മൈ കാർ ,ബ്രൈറ്റൻ ഫോർത്ത് ,പിൽഗ്രിംസ് എന്നിവ ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.
അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡിന്റെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും. അന്തരിച്ച നടൻ നെടുമുടി വേണുവിന് ശ്രദ്ധാഞ്ജലി നൽകുന്ന വിഭാഗത്തിൽ രണ്ട് ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗർഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷ, ഓപ്പിയം വാർ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ,ജുഹോ കുവോസ്മാനെന്റെ കമ്പാർട്ട്‌മെന്റ് നമ്പർ സിക്‌സിന്റെയും ആദ്യപ്രദർശനങ്ങളും ഇന്ന് നടക്കും.
ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയി ,ലിംഗുയി,ലാംമ്പ് ,മുഖഗലി,അമിറ,ദി ഇൻവിസിബിൽ ലൈഫ് ഓഫ് യുറിഡിസ് ഗുസ്മാവോ,റൊമേനിയൻ ചിത്രം ഇന്ററിഗിൽഡ്,ലൈല ബൗസിദിന്റെ എ ടൈൽ ഓഫ് ലൗ ആൻറ് ഡിസൈർ, ഹൗസ് അറസ്റ്റ് ,ഫ്രഞ്ച് ചിത്രം വുമൺ ഡു ക്രൈ,സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ് തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 39 സിനികൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന ദി കളർ ഓഫ് പൊമേഗ്രനേറ്റ്‌സും ഇന്ന് മേളയിൽ ഇടംപിടിക്കും.