ചെന്നൈ; മദ്രാസ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ പുഷ്പക്ക് ശ്രീ സായിയെ അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പര്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപേട്ട ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഐഐടിയില്‍ ആറ് വര്‍ഷത്തിനിടെ 13 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്.
അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഐഐടി മദ്രാസ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്, ഈ ദൗര്‍ഭാഗ്യകരമായ നിമിഷത്തില്‍ കുടുംബത്തിന്റെ സ്വകാര്യതയെ ദയവായി ബഹുമാനിക്കണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും മരണമടഞ്ഞ വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ദുഃഖത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യുന്നു’ – പ്രസ്താവനയില്‍ പറഞ്ഞു.