പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലി കേസിൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം. പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.