അഹമ്മദാബാദ്: തന്റെ ആളുകളോട് മോശമായി പെരുമാറുന്നവരെ വെടിവെക്കുമെന്ന് ഭീഷണിയുമായി ഗുജറാത്തിലെ സിറ്റിംഗ് എംഎൽഎയും ബിഡെപി വിമതനുമായ മധു ശ്രീവാസ്തവ്. അടുത്തിടെയാണ് മധു ബിജെപി വിട്ടത്. സീറ്റ് നൽകാത്തതിനെത്തുടർന്ന് ബിജെപി വിട്ട മധു ശ്രീ വാസ്തവ് ഇക്കുറി സ്വതന്ത്രനായാണ് മത്സരിക്കുന്നത്. “ഞാൻ പോരാടുന്നത് സ്വതന്ത്രനായാണ്. എന്റെ ആളുകളോട് ആരോടെങ്കിലും ആരെങ്കിലും മോശമായി പെരുമാറിയാൽ അവരെ ഞാൻ വെടിവെക്കും”. വഡോദരയിലെ വാങോഡിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അദ്ദേഹം പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് മധു ശ്രീവാസ്തവ.
വഡോദരയിലെ വഗോഡിയയിൽ നിന്നുള്ള എംഎൽഎയാണ് മധു ശ്രീവാസ്തവ്. ലാൻഡ് ഡെവലപ്പറായ ഇയാൾ ബെസ്റ്റ് ബേക്കറി കേസിൽ മുസ്ലീം സമുദായത്തിൽപ്പെട്ട 18 പേരെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ എട്ട് കേസുകൾ കൂടി നിലവിലുണ്ട്. 2008ൽ പൊതു ഇടങ്ങളിൽ ശല്യമുണ്ടാക്കിയെന്നാരോപിച്ച് വഡോദര പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014-ൽ അദ്ദേഹം “ലയൺ ഓഫ് ഗുജറാത്ത്” എന്ന ഗുജറാത്തി സിനിമ നിർമ്മിച്ചു. ഇതിൽ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ആറ് തവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർബന്ധത്തിന് വഴങ്ങിയാണ് താൻ 25 വർഷം മുമ്പ് ബിജെപിയിൽ ചേർന്നത് എന്ന് മധു ശ്രീവാസ്തവ് പറഞ്ഞു.”ഞാൻ സ്വന്തമായി ബിജെപിയിൽ വന്നതല്ല, 1995ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയിൽ ചേരാൻ എന്നോട് അഭ്യർത്ഥിക്കാൻ വന്നിരുന്നു. അതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത്.” മധു ശ്രീവാസ്തവ് പറഞ്ഞു. അന്ന് ബിജെപി സംസ്ഥാന പ്രവർത്തകനായിരുന്നു മോദി, പിന്നീട് മുഖ്യമന്ത്രിയായി. ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയായ ഷായും അന്ന് സംസ്ഥാനതല നേതാവായിരുന്നു.
സമവായ ചർച്ചകൾക്കായി ബിജെപി നിയോഗിച്ച സംസ്ഥാന മന്ത്രി ഹർഷ് സംഘവിയെ കാണാൻ വിസമ്മതിച്ച ആറ് വിമതരിൽ ഒരാളാണ് മധു ശ്രീവാസ്തവ് എന്നാണ് വിവരം. ഗുജറാത്ത് തെഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മന്ത്രിമാരും നിയമസഭാ സ്പീക്കറും ഉൾപ്പെടെ 38 സിറ്റിങ് എംഎൽഎമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു. 160 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. സംസ്ഥാനത്തെ 182 നിയമസഭാ സീറ്റുകളിലേക്കാണ് ഡിസംബർ 1, 5 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുക.