കറാച്ചി: വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാകിസ്താന്റെ അന്ത്യ ശാസനം നാളെ അവസാനിക്കും. ഇതോടെ താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വരിക 1.7 മില്യണ്‍ ആളുകള്‍ക്കെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റേതായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത ഇതര രാജ്യക്കാര്‍ രാജ്യം വിടണമെന്നാണ് പാക് സര്‍ക്കാര്‍ വിശദമാക്കിയിട്ടുള്ളത്.
പാകിസ്ഥാനില്‍ ജനിച്ച് വളരുകയും എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അഫ്ഗാന്‍ സ്വദേശികള്‍ അടക്കമാണ് നിലവില്‍ രാജ്യം വിടേണ്ടി വരുന്നത്. ഇവരില്‍ പാകിസ്താന്‍ സ്വദേശിയെ വിവാഹം ചെയ്ത് കുട്ടികള്‍ അടക്കമുള്ളവരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഏകദേശം 60000ല്‍ അധികം ആളുകള്‍ ഇതിനോടകം രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ വിശദമാക്കുന്നത്. സെപ്തംബര്‍ 23നും ഒക്ടോബര്‍ 22നും ഇടയിലാണ് ഇത്രയധികം പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഒക്ടോബര്‍ 4നാണ് അനധികൃത കുടിയേറ്റക്കാരോട് മടങ്ങിപ്പോകണമെന്ന് പാകിസ്താന്‍ നിര്‍ദേശം നല്‍കിയത്.
സാധാരണ നിലയിലക്കാള്‍ മൂന്നിരട്ടിയായാണ് ആളുകള്‍ ഇപ്പോള്‍ മടങ്ങുന്നതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്. പാകിസ്താനിലെ അഫ്ഗാന്‍ സെറ്റില്‍മെന്റുകളില്‍ പ്രധാനപ്പെട്ടവയായ കറാച്ചിയിലെ സൊഹ്റാബ് ഗോത്ത് മേഖലയില്‍ നിന്ന് തിരക്ക് അധികമായതിനാല്‍ അധിക ബസുകളാണ് ബസ് ഓപ്പറേറ്റര്‍മാര്‍ ഏര്‍പ്പെടുത്തുന്നത്. നേരത്തെ ആഴ്ചയില്‍ ഒരു ബസ് എന്ന നിലയിലായിരുന്നു അഫ്ഗാന്‍ അതിര്‍ത്തിയിലേക്കുള്ള ബസ് സര്‍വ്വീസ് എന്നാല്‍ സര്‍ക്കാരിന്റെ അന്ത്യ ശാസനം വന്നതിന് പിന്നാലെ ഇത് ആഴ്ചയില്‍ അഞ്ച് എന്ന നിലയിലായി എന്നാണ് ബസ് ഉടമകള്‍ റോയിട്ടേഴ്സിനോട് പ്രതികരിക്കുന്നത്.