തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയ വിജിലൻസ് നടത്തിയ ഡി.വൈ.എസ്.പി ക്കെതിരെ കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിയായ പി. വേലായുധൻ നായരുടെ പേരിൽ കേസ് രജ്സ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടു.
അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ ദിവസങ്ങൾക്ക് മുമ്പ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ഈ കേസിലെ പ്രതിയുമായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിയായ വേലായുധൻ നായർ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പിയെ പ്രതിയാക്കി തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തുന്നത്.
കൈക്കൂലി കേസിൽ പിടിയിലായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ അനധികൃത സ്വത്ത് സമ്പാദന കേസുണ്ടായിരുന്നു. മുമ്പ് ഈ കേസിന്റെ അന്വേഷണം നടത്തിയത് ഡി.വൈ.എസ്.പി ആയ പി.വേലായുധൻ നായർ ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവതരമെന്ന് കണ്ടെത്തിയതിനെതുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർ തീരുമാനിച്ചത്.