ന്യൂയോർക്ക്: നിരോധനം മറികടന്ന് രണ്ടു വർഷത്തിനു ശേഷം ഫേസ്ബുക്കിലും യൂ ട്യൂബിലും പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയാം ബാക്ക് എന്നാണ് തിരിച്ചുവന്ന ട്രംപിന്റെ പോസ്റ്റ്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ നിരോധനത്തിന് ശേഷം ഇന്നലെയാണ് ട്രംപ് ഫേസ്ബുക്കിലെത്തിയത്.
2016ലെ വിജയത്തിന് ശേഷം സംസാരിക്കുന്ന 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു കൊണ്ട് അയാം ബാക്ക് എന്ന് ട്രംപ് കുറിച്ചു. ഇതൊരു സങ്കീർണ്ണമായ ബിസിനസ് ആണെന്നും തനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതിൽ ക്ഷമിക്കണമെന്നും ട്രംപ് പറയുന്നു. ഇന്നലെയാണ് യു ട്യൂബ് ട്രംപിനുള്ള നിരോധനം പിൻവലിക്കുന്നുവെന്ന് അറിയിച്ചത്. എന്നാൽ രണ്ടുമാസം മുമ്പ് തന്നെ ഫേസ്ബുക്ക് നിരോധനം പിൻവലിച്ചിരുന്നതായാണ് വിവരം. ഇന്ന് മുതൽ യു ട്യൂബിൽ പുതിയ കണ്ടന്റ് ഇടുന്നതിൽ എതിർപ്പില്ലെന്ന് യു ട്യൂബ് പറഞ്ഞു.
അതേസമയം, വിലക്ക് നീക്കിയിട്ടും ട്വിറ്ററിൽ ട്രംപ് പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി എലോൺ മസ്ക് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മസ്ക് സ്വന്തം അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് നടത്തി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വോട്ടെടുപ്പ്. ക്യാപിറ്റോൾ അക്രമത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ ട്വിറ്റർ നിരോധനം പിൻവലിക്കുമെന്ന് മസ്ക് വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് നടപടി.
വോട്ടെടുപ്പ് അവസാനിക്കാൻ 18 മണിക്കൂർ ശേഷിക്കെ, 6 ദശലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രതികരിച്ചവരിൽ 54.6% പേർ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, 2021 ജനുവരി 6 ന് തന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചതിനെത്തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ സ്ഥിരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡെമോക്രാറ്റ് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു.