ചെന്നൈ: മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി ജീവനൊടുക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിന്‍ എന്ന 32 കാരനാണ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റല്‍ മുറിയല്‍ ഫാനില്‍ തൂങ്ങി മരിച്ചത്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ‘എന്നോട് ക്ഷമിക്കണം’ എന്ന കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശിയായ വിദ്യാർത്ഥിയെ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് സഹപാഠികള്‍ വ്യക്തമാക്കി. വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് സംശയം തോന്നി മുറിയിലെത്തിയപ്പോഴാണ് വാതില്‍ കുറ്റിയിട്ട നിലയില്‍ കണ്ടത്. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അധികൃതരെ വിമരമറിയിച്ചു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് സച്ചിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ‘ക്ഷണിക്കണം, പിഎച്ച്ഡി എനിക്ക് അത്ര നല്ലതല്ല’ എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സഹപാഠികളുടെ മൊഴിയെടുക്കുമെന്നും മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും മറ്റ് ആത്മഹത്യകുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നതായി ഐഐടി മദ്രാസ് പ്രസ്താവനയിൽ പറഞ്ഞു. . മരണപ്പെട്ട ഗവേഷക വിദ്യാര്‍ത്ഥി പഠനത്തില്‍ ഏറെ മികവ് തെളിയിച്ച ആളാണ്. പഠനത്തിലും ഗവേഷണത്തിലും മാതൃകാപരമായ റെക്കോർഡുള്ള ഒരു വിദ്യാർത്ഥിയുടെ വിയോഗം ക്യാംപസിന് തീരാ നഷ്ടമാണ്. വിയോഗത്തില്‍ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചനം രേഖപ്പെടുത്തുകയും മരണമടഞ്ഞ വിദ്യാർത്ഥിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ഈ സമയത്ത് വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഐഐടി മദ്രാസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. അടുത്തിടെ മറ്റൊരു വിദ്യാര്‍ത്ഥിയും ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയാണ് മാർച്ച് 14ന് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈപ്പു പുഷ്പക് ശ്രീ സായിയെ (20) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.