തിരുവനന്തപുരം∙ ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രംഗത്തെത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണ് മരണകാരണമെന്ന് ഐഎംഎ ആരോപിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരംനൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡോക്ടറുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ പൊലീസിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണം. പുതിയ നിയമം ഓർഡിനൻസായി കൊണ്ടുവരണം.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളിൽ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ കുറ്റവിചാരണ നടത്തണം. വീഴ്ചവരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. ശിക്ഷാ കാലയളവിലും പിഴയിലും വർധന വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
അതേസമയം, ഡോക്ടർമാരുടെ സമരം തുടരാൻ ഐഎംഎ തീരുമാനിച്ചു. കെജിഎംഒഎയും കെജിഎംസിടിഎയും യോഗം നടത്തുന്നു. അവരും സമരത്തിൽ പങ്കെടുക്കാനാണു സാധ്യത. സമരം തുടർന്നാലും ഐസിയു, കാഷ്വൽറ്റി, ലേബർ റൂം എന്നിവയിലെ സേവനം മുടക്കില്ല. വന്ദനയെ കുത്തിയ പ്രതി നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ജി.സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ പൂജപ്പുര ജയിലിലേക്ക് മാറ്റി. സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.