തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആലോചന തുടങ്ങി. സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റും, സർക്കാർ ആശുപത്രികളിൽ ആശുപത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐഎംഎ പദ്ധതി തയാറാകുന്നത്.
ആവശ്യമുള്ള ആശുപത്രികൾക്ക് പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഐഎംഎ നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ ആശുപത്രികൾ ആവശ്യപ്പെട്ടാൽ അവിടേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥരെ നൽകും. പദ്ധതിയുടെ രൂപരേഖ തയാറായാൽ സർക്കാരുമായും പൊലീസുമായും ചർച്ച നടത്തും. സർക്കാർ തലത്തിൽ അനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇപ്പോഴുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകില്ല. ആശുപത്രിയിൽ എത്തുന്നവരോട് എങ്ങനെ പെരുമാറണം, അടിയന്തര സാഹചര്യമുണ്ടായാൽ എങ്ങനെ നേരിടണം, ഏതൊക്കെ ഘട്ടങ്ങളിലാണ് ഇടപെടൽ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും.
‘‘ആശുപത്രികളിൽ നന്നായി പെരുമാറുന്ന സുരക്ഷാ ജീവനക്കാരെ വാർത്തെടുക്കുക എന്നതാണ് ഉദ്ദേശ്യം. ഇതിനായി പൊലീസുമായും സർക്കാരുമായും ചർച്ചകൾ നടത്തേണ്ടതുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്’’–ഐഎംഎ പ്രസിഡന്റ് ഡോ.സുൽഫിപറഞ്ഞു. ഡോക്ടർമാർ രോഗികളോട് എങ്ങനെ പെരുമാറണം എന്നതിനെ സംബന്ധിച്ച പരിശീലനം ഐഎംഎ ആരംഭിച്ചു. രോഗിയുടെ മരണം ബന്ധുക്കളെ അറിയിക്കുന്ന രീതി, രോഗികളോടുള്ള പെരുമാറ്റ രീതി എന്നിവ സംബന്ധിച്ച് മെഡിക്കൽ വിദ്യാർഥികൾക്കും പിജി വിദ്യാർഥികൾക്കുമാണ് ക്ലാസുകൾ നൽകുന്നത്. വിദഗ്ധർ പരിശീലനം നൽകിയ ഡോക്ടർമാരാണ് ക്ലാസുകളെടുക്കുന്നത്.