കറാച്ചി: മികച്ച രീതിയില്‍ കളിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക് താരം ഇമാം ഉള്‍ ഹഖിന് ഒരു ഷോട്ട് അകലെ സെഞ്ചുറി നഷ്ടമായിരുന്നു. തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ച ഇമാം സര്‍ഫ്രാസ് അഹമ്മദുമായി ചേര്‍ന്ന് 85 റണ്‍സ് സഖ്യം പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍, സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ക്രീസില്‍ നിന്നിറങ്ങിയ ബാറ്റ് വീശിയ ഇമാമിന് പിഴയ്ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് പോകുന്നതിന് മുമ്പ് തന്നെ പുറത്തായതിലെ കടുത്ത നിരാശ ഇമാം പ്രകടിപ്പിച്ചിരുന്നു.
നിലത്ത് ബാറ്റ് അടിച്ച് കൊണ്ടാണ് താരം ഡഗ്ഔട്ടിലേക്ക് പോയത്. എന്നിട്ടും ദേഷ്യം മാറാതെ കസേരയില്‍ അടിക്കുന്ന ഇമാമിന്‍റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഈ പ്രതികരണത്തെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ടീം തോല്‍വിയിലേക്ക് പോകുന്നതല്ല, മറിച്ച് സെഞ്ചുറി നഷ്ടമായതാണ് ഇമാം കസേര തകര്‍ക്കുന്നതെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിക്കുന്നത്. അതേസമയം, പാകിസ്ഥാന്‍ – ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.
അവസാന ദിവസത്തെ അവസാന സെഷന്‍ വന്‍ ആവേശമായി മാറിയ ശേഷം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ന്യസിലന്‍ഡിന് 14-15 ഓവറില്‍ 138 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നോട്ട് വച്ച് പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് മത്സരത്തിന് ആവേശം കൈവന്നത്. സമനിലയിലേക്ക് നീങ്ങിയ ടെസ്റ്റിന് ജീവന്‍ വയ്ക്കുന്ന തീരുമാനമാണ് പാക് നായകന്‍ ബാബര്‍ അസം എടുത്തത്. എന്നാല്‍, ന്യൂസിലന്‍ഡ് ഒട്ടും ആവേശം കെടുത്താതെ തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ പരുങ്ങലിലായി. 7.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ 61 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തേണ്ടി വന്നത്.
24 പന്തില്‍ 32 റണ്‍സെടുത്ത് ടോം ലാഥമും 16 പന്തില്‍ 18 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. മൈക്കല്‍ ബ്രേസ്‍വെല്ലിന്‍റെ കുറ്റിത്തെറിപ്പിച്ച ആദ്യ ഓവറില്‍ അബ്റാന്‍ അഹമ്മദ് കിവികളെ ഞെട്ടിച്ചെങ്കിലും ലാഥമെത്തി അടി തുടങ്ങിയതോടെ പാക് ചിരി പതിയെ മായുകയായിരുന്നു. നേരത്തെ, ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ പാകിസ്ഥാന്‍ വീണ്ടും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ പുറത്തെടുത്തു. ഇമാം ഉള്‍ ഹഖ്, സര്‍ഫ്രാസ് അഹമ്മദ്, സൗദ് ഷഖീല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ബാബര്‍ അസം അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചത്.