ദില്ലി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിന് ശമനമേകിക്കൊണ്ട് മഴ ശക്തമായപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്ത ചൂട് വർധിക്കുന്നു എന്നതാണ്. ദില്ലിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൊടും ചൂടിന്‍റെ പിടിയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. താപനില 44 ഡിഗ്രി വരെയായി ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സ്ഥിതി ഒരാഴ്ചയോള്ളം തുടരാമെന്നും പ്രവചനമുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ കാലാവർഷം എത്തുകയാണെന്നതാണ് മറ്റൊരു വാർത്ത. മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ് നാട് വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്19-22 തീയതികളിൽ അതി തീവ്രമായ മഴയ്ക്കും, മെയ് 19 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
			











                