ദില്ലി: ഇമിഗ്രേഷൻ വിസ ഫോറിനേഴ്സ് രജിസ്ട്രേഷൻ ട്രാക്കിംഗ് പദ്ധതിയുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2021 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടിയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 വരെയുണ്ടായിരുന്ന കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ നീട്ടുന്നത്. 1364.88 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഇമിഗ്രേഷൻ, വിസ സേവനങ്ങളുടെ ആധുനീകരണവും നവീകരണവുമാണ് ഇമിഗ്രേഷൻ വിസ ഫോറിനേഴ്സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ ലക്ഷ്യം. 192 ഇന്ത്യൻ മിഷനുകൾ, രാജ്യത്തെ 108 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ, 12 ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർമാരും ഓഫീസുകളും ഉൾക്കൊള്ളുന്ന സംവിധാനമാണിത്. ഇമിഗ്രേഷൻ, വിസ അനുവദിക്കൽ, വിദേശികളുടെ രജിസ്ട്രേഷൻ, ഇന്ത്യയിലെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.
രാജ്യത്തുടനീളമുള്ള 700-ലധികം ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസർമാർ, പോലീസ് സൂപ്രണ്ടുമാർ /ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ എന്നിവരും ഇമിഗ്രേഷൻ വിസ ഫോറിനേഴ്സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ ഭാഗമാകും. പദ്ധതി ആരംഭിച്ചതിന് ശേഷം, അനുവദിച്ച വിസ, OCI കാർഡുകളുടെ എണ്ണം 2019 ൽ 64.59 ലക്ഷമായി ഉയർന്നു. 2014 ൽ 44.43 ലക്ഷമായിരുന്നു ഇത്. പ്രതിവർഷം 7.7 ശതമാനം വാർഷിക വളർച്ചാ നിരക്കിലാണ് ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. ശരാശരി 15 മുതൽ 30 ദിവസം വരെയുള്ള വിസ നടപടിക്രമം (IVFRT ക്ക് മുമ്പുള്ള കാലയളവ്) ഇ-വിസകൾ വന്നതോടെ പരമാവധി 72 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. ഇ-വിസകളുടെ 95 ശതമാനവും 24 മണിക്കൂറിനുള്ളിൽ അനുവദിക്കും.