കോഴിക്കോട്: അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെപ്പിൽ പിറകോട്ടടിച്ച് വടക്കൻ ജില്ലകൾ. സംസ്ഥാനത്ത് 91 ശതമാനം കുട്ടികളാണ് കുത്തിവെപ്പ് എടുത്തത്. തെക്കൻ ജില്ലകളിൽ 95 ശതമാനത്തിന് മുകളിൽ കുട്ടികൾ കുത്തിവെപ്പ് എടുത്തപ്പോൾ വടക്കൻ ജില്ലകളിൽ ചിലതിൽ 70 ശതമാനത്തിൽ താഴെയാണ് നിരക്ക്. മലപ്പുറം 66, കണ്ണൂർ 69, കോഴിക്കോട് 87 എന്നീ നിരക്കിൽ മാത്രമാണ് കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ആഗസ്റ്റ് വരെയുള്ള കണക്കാണിത്. എന്നാൽ, വടക്കൻ കേരളത്തിൽ വയനാട് 100 ശതമാനവും കാസർകോട് 98 ശതമാനവും പൂർണത കൈവരിച്ചിട്ടുണ്ട്.
അഞ്ചാംപനി, ജര്‍മന്‍ മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് മിഷന് ഇന്ദ്രധനുഷ് എന്ന പേരില്‍ സർക്കാർ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. കുട്ടികളില്‍ ഗുരുതരമായ ന്യുമോണിയ, തലച്ചോറിലെ ക്ഷതം, അന്ധത എന്നിവക്ക് അഞ്ചാംപനി കാരണമാകും. ഇത് പ്രതിരോധിക്കുന്നതിനാണ് കുത്തിവെപ്പ് നടത്തുന്നത്. കേരളത്തില്‍ സമീപകാലത്ത് അഞ്ചാംപനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുത്തിവെപ്പിൽ പൂർണത കൈവരിക്കുന്നതിനായി വടക്കൻ ജില്ലകളിൽ പ്രത്യേക വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി കുത്തിവെപ്പ് വൈകിയതും മുടങ്ങിയതുമായ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ വര്‍ഷവും ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടുമാസവും പദ്ധതി നടപ്പാക്കിയെങ്കിലും കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗ ഭീഷണി വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. സമൂഹത്തില്‍ 95 ശതമാനത്തിലധികം കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്താല്‍ മാത്രമേ അഞ്ചാംപനി അടക്കമുള്ള രോഗങ്ങള്‍ ഒരു കുട്ടിയില്‍നിന്ന് മറ്റൊരു കുട്ടിയിലേക്ക് പകരുന്നത് തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തല്‍.
2014 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ മിഷന് ഇന്ദ്രധനുഷ് എന്ന പേരില്‍ പദ്ധതി നടപ്പാക്കി വരുന്നത്. ഇതുവരെ 31 ലക്ഷത്തില്‍പരം കുട്ടികളും അത്രയുംതന്നെ ഗര്‍ഭിണികളും പദ്ധതിയുടെ ഭാഗമായെന്നാണ് കണക്ക്. എന്നാല്‍, കോവിഡ് കാലത്ത് കുത്തിവെപ്പ് പലരും എടുക്കാത്ത സാഹചര്യമുണ്ടായി. 2022ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം അഞ്ചാംപനി രോഗത്തെ പ്രതിരോധിക്കാനായി നല്കുന്ന എം.ആര് വാക്സിന് രാജ്യത്ത് 11 ലക്ഷം കുട്ടികള്‍ക്ക് നല്കാന് സാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കുത്തിവെപ്പിന് വിധേയമാകുന്ന കുട്ടികളുടെയും ഗര്‍ഭിണികളുടേയും വിവരശേഖരണം യുവിന് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ശേഖരിക്കുന്നുണ്ട്.