ദില്ലി: പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെ കുറിച്ച് വിശദീകരണം നൽകി സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പാൽ ഉൽപ്പാദനം സ്തംഭനാവസ്ഥയിലായതിനാൽ പാലുൽപ്പന്നങ്ങളുടെ ഇറക്കുമതി ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയത്.
ഇന്ത്യ ചില പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സർക്കാർ അതിനെക്കുറിച്ച് ഒരു തീരുമാനവും അറിയിക്കാത്തത് ക്ഷീര കർഷകർക്കും വ്യവസായികൾക്കും ആശങ്കയുണ്ടാക്കിയെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി രാജേഷ് സിംഗ് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാലിന്റെ സ്റ്റോക്ക് സ്ഥിതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വെണ്ണ, നെയ്യ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സർക്കാർ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-22ൽ രാജ്യത്തെ പാൽ ഉൽപ്പാദനം 221 ദശലക്ഷം ടണ്ണായി, മുൻവർഷം ഇത് 208 ദശലക്ഷം ടൺ ആയിരുന്നു. 6.25 ശതമാനം വർധനവാണ് ഉണ്ടായത്. കന്നുകാലികളിലെ ത്വക്ക് രോഗം മൂലം 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പാൽ ഉൽപ്പാദനം നിശ്ചലമായിരുന്നുവെന്നും അതേ കാലയളവിൽ ആഭ്യന്തര ആവശ്യകതയിൽ 8-10 ശതമാനം വളർച്ചയുണ്ടായെന്നും രാജേഷ് സിംഗ് പറഞ്ഞു.
രാജ്യത്ത് പാൽ വിതരണത്തിൽ ഒരു നിയന്ത്രണവുമില്ലെന്നും സ്കിംഡ് മിൽക്ക് പൗഡറിന്റെ (എസ്എംപി) സ്റ്റോക്ക് ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാലുൽപ്പന്നങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് കൊഴുപ്പ്, വെണ്ണ, നെയ്യ് മുതലായവയുടെ സ്റ്റോക്ക് കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 1.89 ലക്ഷം കന്നുകാലികൾ ചത്ത കന്നുകാലി ത്വക്ക് രോഗത്തിന്റെ ആഘാതവും പാൻഡെമിക്കിന് ശേഷമുള്ള പാലിന്റെ ആവശ്യകതയിലുണ്ടായ ഉയർച്ചയും കാരണം രാജ്യത്തെ പാൽ ഉൽപാദനം സ്തംഭനാവസ്ഥയിലാണെന്ന് സെക്രട്ടറി പറഞ്ഞു.
കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാലിന്റെ വിലക്കയറ്റത്തിന് കാരണമായത്. കഴിഞ്ഞ നാല് വർഷമായി കാലിത്തീറ്റ വിളകളുടെ ഉത്പാദനം കൂടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടിട്ടുണ്ട്.