കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും തയ്യാറാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. സുപ്രധാന രേഖകൾ നഷ്ടമായിട്ടും കോടതി അന്വേഷണത്തിന് നടപടി എടുത്തിട്ടില്ല. രേഖകൾ അപ്രത്യക്ഷമായതിൽ പിന്നിൽ ആരെന്ന് കണ്ടെത്താൻ കോടതി ശ്രമിച്ചില്ല. വിവരം രഹസ്യമായി ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തത്.
2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കുറ്റപത്രം. കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.