മട്ടാഞ്ചേരി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന ഉത്തരവ് പാലിക്കാത്ത മകനെ ജയിലിലടയ്ക്കാൻ മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള മെയിന്റനൻസ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഫോർട്ട് കൊച്ചി ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറായ സബ് കലക്‌ടർ പി വിഷ്‌ണുരാജാണ് ഉത്തരവിറക്കിയത്. ആലുവ ചൂർണിക്കര ചുള്ളിക്കൽ വീട്ടിൽ ജോസഫ്–-പൗളി ദമ്പതികളുടെ പരാതിയിൽ ഇവരുടെ ഇളയമകൻ ജയ്ബിക്കെതിരെയാണ് നടപടി.
ദമ്പതികൾക്ക് ജയ്‌ബിയെക്കൂടാതെ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഇവരുടെ കൈവശമുള്ള 10 സെന്റിൽനിന്ന് മൂന്ന് സെന്റുവീതം രണ്ട് ആൺമക്കൾക്ക് നൽകി. ബാക്കി നാല് സെന്റും വീടും ഇവരോടൊപ്പം താമസിക്കുന്ന ഇളയമകൻ ജെയ്ബിക്കും നൽകി. ജെയ്ബി ഈ വസ്‌തു ആലുവ കാർഷിക ഗ്രാമവികസന ബാങ്കിൽ മാതാപിതാക്കളെ ജാമ്യക്കാരാക്കി പണയംവച്ച്, വീട് പുതുക്കിപ്പണിയുന്നതിന് വായ്പ എടുത്തു. വായ്‌പ അടയ്ക്കാതെ വീട് ജപ്‌തിഭീഷണിയിലാണ്. ജെയ്ബിയും കുടുംബവും ഇവിടെനിന്ന് മാറിത്താമസിക്കുകയും ചെയ്‌തു.
സ്വന്തമായി മറ്റ് സ്വത്തുക്കളോ വരുമാനമാർഗമോ ഇല്ലാത്ത സാഹചര്യത്തിൽ ആധാരം തിരികെ ലഭിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് ദമ്പതികൾ പരാതി നൽകിയത്. 2019 ഫെബ്രുവരിയിൽ ഇവർക്ക് മാസം 2000 രൂപവീതം ജീവനാംശം നൽകണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നും മറ്റുമക്കൾ ജീവനാംശം നൽകുന്നുണ്ടെന്നും കാണിച്ച് ദമ്പതികൾ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. ജയ്‌ബിയോട് ജൂൺ 17ന് തുക അടച്ച രസീതുമായി ഹാജരാകാൻ നിർദേശം നൽകിയെങ്കിലും ഹാജരാക്കിയില്ല. തുടർന്ന് വാറന്റ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കാൻ സമയം അനുവദിച്ചിട്ടും കുടിശ്ശിക നൽകാൻ തയ്യാറായില്ല. 70 പിന്നിട്ട, രോഗികളായ ദമ്പതിമാരുടെ അവസ്ഥ ദയനീയമാണെന്ന് ട്രിബ്യൂണലിന് ബോധ്യംവരികയും ഉത്തരവ് നടപ്പാക്കുന്നതിൽ ജയ്‌ബി വീഴ്ചവരുത്തുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്. അടിയന്തരമായി നടപ്പാക്കാനാണ് നിർദേശം.