കൊച്ചി: ഗര്‍ഭഛിദ്രത്തിന് 600 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഡോക്ടര്‍ക്ക് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പാലക്കാട് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായിരുന്ന അസി. സര്‍ജന്‍ മാവേലിക്കര തട്ടാരമ്പലം സ്വദേശി വി.കെ. ദേവയാനിക്ക് കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ച ഒരു വര്‍ഷം തടവും 1000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ശരിവെച്ചത്. 2000 ഏപ്രില്‍ 24ന് പാലക്കാട് കണിമംഗലം സ്വദേശിനിയുടെ ഗര്‍ഭഛിദ്രത്തിന് ദേവയാനി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടര്‍ന്ന് വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ടുകള്‍ പരാതിക്കാര്‍ നഴ്സിങ് അസിസ്റ്റന്റ് മുഖേന ഡോക്ടര്‍ക്ക് നല്‍കി. തുടര്‍ന്ന് വിജിലന്‍സെത്തി ഡോക്ടറുടെ ബാഗില്‍നിന്ന് നോട്ടുകള്‍ കണ്ടെടുത്തു. കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക കൃത്യവിലോപത്തിനുമാണ് 2009ല്‍ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദേവയാനി നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.