തിരുവനന്തപുരം : ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്.സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം.