ചിരി ലോകത്തിലെ ഏറ്റവും മികച്ച ഔഷധം ആയി കണക്കാക്കപ്പെടുന്നു എന്നത് പലർക്കും അറിയില്ല. സമ്മർദ്ദത്തെ അതിജീവിക്കുന്നതിനുള്ള ഉപയോഗപ്രദവും ആരോഗ്യകരവുമായ മാർഗ്ഗമായി ചിരിയെ കണക്കാക്കുന്നു. മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന, മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും വേണ്ടിയുള്ള ചികിത്സയാണ് ചിരി തെറാപ്പിയെന്ന് പോഷകാഹാര മനഃശാസ്ത്രജ്ഞനായ ഡോ. ഉമാ നൈഡൂ പറയുന്നു.
ചിരിയുടെ മാനസികാരോഗ്യ ഗുണങ്ങൾ നൽകുന്നു. വൈകാരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ ചിരിക്ക് വളരെയധികം പങ്കുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
‘ചിരി തെറാപ്പി ഒരാളുടെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആളുകൾ ചിരിക്കുമ്പോൾ ഹോർമോണുകളായ എൻഡോർഫിനുകൾ പുറത്തുവരുന്നു. എൻഡോർഫിനുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും വേദനയെ താൽക്കാലികമായി ഒഴിവാക്കുകയും ചെയ്യും. ചിരി നമ്മുടെ രക്തപ്രവാഹത്തിലെ കോർട്ടിസോൾ, എപിനെഫ്രിൻ, വളർച്ചാ ഹോർമോൺ, ഡൈഹൈഡ്രോ-ഫിനൈലാസെറ്റിക് ആസിഡ് തുടങ്ങിയ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു… ‘ – ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ ദിലീപ് ഗുഡെ പറഞ്ഞു.
ചിരി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും സമ്മർദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
സുഖപ്പെടുത്താനും പുതുക്കാനുമുള്ള വളരെയധികം ശക്തിയുള്ളതിനാൽ ഇടയ്ക്കിടെ ചിരിക്കാനുള്ള കഴിവ് പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാവുന്നു. ചിരിക്കുന്നതിലൂടെ തലച്ചോറിന് സുഖകരമായ എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇത് വേദന ഒഴിവാക്കാൻ സഹായിക്കുന്നു എന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
ചിരി രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായകമാവുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ ബന്ധങ്ങളെ ആരോഗ്യകരമാക്കാൻ കഴിയുന്ന ഒരുതരം കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പിയാണ് ചിരി തെറാപ്പി. ഇത് മാനസികവും ഹൃദയാരോഗ്യവും നല്ല രീതിയിൽ സ്വാധീനിക്കുന്നു, രക്തസമ്മർദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.