പാക് : പാക് ദേശീയ അസംബ്ലി നിർത്തിവച്ചു. ഒരു മണിക്ക് വീണ്ടും ചേരും. ഇമ്രാൻ ഖാൻ സഭയിൽ ഹാജരായില്ല. 176 പ്രതിപക്ഷ അംഗങ്ങളാണ് പാക് ദേശീയ അസംബ്ലിയിൽ ഹാജരായത്. സഭയിൽ പ്രതിപക്ഷത്തിനാണ് മേധാവിത്വം. സ്‌പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് സ്പീക്കറെ ചോദ്യം ചെയ്തു. രാവിലെ 10.30 നാണ് സഭ ആരംഭിച്ചത് .നേരത്തെ തന്നെ സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.എന്നാൽ, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇമ്രാൻ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വൻ തിരിച്ചടിയായിരുന്നു.
പാർലമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ 9ന് സഭ വിളിച്ചുചേർക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു. നേരത്തെ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. അതേസമയം സുപ്രിംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇമ്രാന്റെ പാർട്ടി, പാകിസ്താൻ തെഹ്‍രീകെ ഇൻസാഫിന്റെ തീരുമാനം.